കാറിന് മുകളിൽ മരം വീണു; വിവാഹ ഒരുക്കങ്ങൾക്കിടെ മരണം; ഞെട്ടലിൽ ഒരു നാട്

accident-car-05
SHARE

സംസ്ഥാന പാതയിൽ മരം വീണു എന്ന് കേട്ടപ്പോൾ ആദ്യം മുള്ളേരിയക്കാർ ഞെട്ടിയില്ല. മരം വീഴ്ച പതിവായതിനാൽ കാര്യമാക്കിയതുമില്ല. എന്നാൽ ഓടുന്ന കാറിന് മുകളിലേക്കാണ് മരം വീണതെന്ന് നാട്ടുകാർ അറി‍ഞ്ഞത് പിന്നീടാണ്. ഇതോടെ എല്ലാവരും കൂട്ടതോടെ അപകടസ്ഥലത്തേക്ക് കുതിച്ചു. പൊലീസുമെത്തി.

കൂറ്റൻ കാഞ്ഞിരം റോഡിനു കുറുകെ വീണു കിടക്കുന്നതായിരുന്നു അപ്പോൾ കാണുന്നത്. കാർ പൂർണമായും തകർന്നിരുന്നു.  മുഹമ്മദ് സമ്രൂദിനെ മാത്രമേ പുറത്തേക്ക് കാണാൻ കഴിയുമായിരുന്നുള്ളു. പിന്നീടാണ് ഡ്രൈവിങ് സീറ്റിൽ ഒരാൾ കൂടി ഉണ്ടെന്ന് അറിഞ്ഞത്. ആ ഭാഗത്തേക്കാണ് മരം വീണുകിടന്നതും. ഇതിനിടെ അഗ്നിശമന സേനയെ വിളിച്ചെങ്കിലും അവർ എത്തുമ്പോഴേക്കും വൈകും എന്നതിനാൽ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് തന്നെ മരം മുറിച്ചു നീക്കാൻ തീരുമാനിച്ചു.

തൊട്ടടുത്ത പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രവും വിളിച്ചു. യന്ത്രവാൾ കൊണ്ട് മരം മുറിക്കുമ്പോൾ മറു ഭാഗം സമ്രൂദിന്റെ ശരീരത്തിലേക്ക് വീഴാൻ സാധ്യതയുണ്ടായിരുന്നു. അതുകൊണ്ട് കാറിനു മുകളിൽ വീണു കിടക്കുന്നത്രയും ഭാഗം മുറിച്ച് താങ്ങിയെടുത്താണ് മാറ്റിയത്. അപ്പോഴും സാജിദ് പൂർണമായും തകർന്ന കാറിനുള്ളിലായിരുന്നു. കാർ വെട്ടിപ്പൊളിച്ച് ആദ്യം സമ്രൂദിനെ പുറത്തെടുത്തു. പിന്നാലെ സാജിദിനെയും. എന്നാൽ സാജിദിന്റെ ജീവൻ അപ്പോഴേക്കും നഷ്ടമായിരുന്നു. 

പല തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും അധികൃതർ അവഗണിച്ചെന്ന് നാട്ടുകാർ പറയുന്നു. അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിക്കാൻ ഒരു മാസം മുൻപ് മരാമത്ത് വകുപ്പ് ടെൻഡർ നൽകിയിരുന്നു. കാസർകോട് സെക്‌ഷൻ പരിധിയിലെ മരങ്ങൾ മുറിക്കാൻ മാത്രം 3 ലക്ഷം രൂപയ്ക്കായിരുന്നു ടെൻഡർ. എന്നിട്ടും ഈ റോഡിൽ ഇപ്പോഴും ഒരുപാട് മരങ്ങളാണ് ഭീഷണി ഉയർത്തുന്നത്.

നിക്കാഹ് കഴിഞ്ഞ് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് സാജിദിനെ മരണം തട്ടിയെടുത്തത്. നായന്മാർമൂല സ്വദേശിനിയായ യുവതിയുമായി ഒരു വർഷം മുൻപ് സാജിദിന്റെ നിക്കാഹ് കഴിഞ്ഞിരുന്നു. അടുത്ത മാസം വിവാഹം നടത്താനായിരുന്നു ബന്ധുക്കൾ തീരുമാനിച്ചിരുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...