മീറ്ററിൽ 28 രൂപ; ചോദിച്ചത് 40 രൂപ; കിട്ടിയത് 3 ദിവസം ആശുപത്രി സേവനം

autorikshaw-sketch
SHARE

മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഷയിൽ പറഞ്ഞാൽ, ഡ്രൈവർമാർ ആശുപത്രി സേവനം ചോദിച്ചു വാങ്ങുകയാണ്. ഇന്നലെ ഓട്ടോ ഡ്രൈവർക്കാണ് 3 ദിവസത്തെ രോഗീപരിചരണം ആർടിഒ വിധിച്ചത്. റിട്ട. പൊലീസ് ഉദ്യോഗസ്ഥനോട് അമിത യാത്രാക്കൂലി വാങ്ങിയ ഇടപ്പള്ളി ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിസരത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ പി.സി. കുര്യാച്ചൻ 25 മുതൽ 27 വരെയാണ് ജനറൽ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കേണ്ടത്.

ഡ്രൈവറുടെ അഭ്യർഥന മാനിച്ചാണ് ആശുപത്രി സേവനം ഓണത്തിനു ശേഷമാക്കിയത്. കഴിഞ്ഞ 23ന് ഓട്ടം വിളിച്ച യാത്രക്കാരനാണ് ദുരനുഭവം ഉണ്ടായത്. മീറ്ററിൽ 28 രൂപ തെളിഞ്ഞു. യാത്രക്കാരൻ 30 രൂപ കൊടുക്കുകയും ചെയ്തു. 40 രൂപ വേണമെന്നായി ഓട്ടോ ഡ്രൈവർ. ഇതിനെ ചോദ്യം ചെയ്ത യാത്രക്കാരനെ പരസ്യമായി ആക്ഷേപിച്ചു.

ആർടിഒ കെ. മനോജ്കുമാറിനു യാത്രക്കാരൻ പരാതി നൽകിയതിനെ തുടർന്നു മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിൽ സംഭവം ശരിയാണെന്നു ബോധ്യമായി. ഓട്ടോ ഡ്രൈവറെ വിളിച്ചു വരുത്തിയ ആർടിഒ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യേണ്ടി വരുമെന്നു വ്യക്തമാക്കി.

ആശുപത്രി സേവനത്തിനു സന്നദ്ധനാണെങ്കിൽ സസ്പെൻഷൻ നടപടി വേണ്ടെന്നു വയ്ക്കാമെന്നും അറിയിച്ചു. രോഗീപരിചരണം നടത്താമെന്നു ഡ്രൈവർ സമ്മതിക്കുകയും ചെയ്തു. ആശുപത്രിയിൽ സേവനം നടത്തിയ സർട്ടിഫിക്കറ്റുമായി ഹാജരാകുമ്പോൾ ലൈസൻസിന്മേലുള്ള നടപടി അവസാനിപ്പിക്കുമെന്ന് ആർടിഒ പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...