ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപയോഗിക്കാമോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം

BlueTooth-04
SHARE

ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപയോഗിക്കാമോയെന്ന കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പില്‍ ആശയക്കുഴപ്പം. കേന്ദ്രമോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍ മൊബൈല്‍ കൈയില്‍ പിടിച്ച് ഉപയോഗിക്കുന്നത് മാത്രമേ പരാമര്‍ശിച്ചിട്ടുള്ളുവെന്നാണ് ഒരു വാദം. എന്നാല്‍ മോട്ടോര്‍ വെഹിക്കിള്‍ റഗുലേഷനില്‍ ബ്ലൂടൂത്ത് ഉപയോഗവും തടഞ്ഞിട്ടുണ്ടെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്.  

കേന്ദ്രസര്‍ക്കാറിന്റ 2019 ലെ മോട്ടോര്‍ വെഹിക്കിള്‍ ഭേദഗതി നിയമത്തിലെ അറുപത്തിയേഴാം വകുപ്പിലാണ് ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ കൈയില്‍ പിടിച്ച് സംസാരിച്ചാല്‍ അത് അപകടരമായ ഡ്രൈവിങ്ങായി കണക്കാക്കും. പതിനായിരം രൂപയാണ് പിഴ. ബ്ലൂടൂത്ത് ഉപയോഗിച്ച് സംസാരിക്കാമോയെന്ന് ഇതില്‍ പറയുന്നില്ല. അതുകൊണ്ടുതന്നെ ബ്ലൂടൂത്ത് ഉപയോഗം കുറ്റകരമല്ലെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വിവക്ഷിക്കുന്നത്.  എന്നാല്‍ രണ്ടായിരത്തിപതിനേഴിലെ മോട്ടോര്‍ ഡ്രൈവിങ് റഗുലേഷനിലെ 37 ാം റൂളില്‍ മൊബൈല്‍ ഫോണ്‍ കയ്യില്‍ പിടിച്ച് സംസാരിക്കുന്നതും ബ്ലൂടൂത്ത് ഉള്‍പ്പടെയുള്ള ആശയവിനിമയ ഉപാധികള്‍ ഉപയോഗിക്കുന്നതും കുറ്റകരമാണന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഒാടിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തിരുന്നത്. ഇപ്പോള്‍ മൊബൈല്‍ കൈയില്‍പിടിച്ച് സംസാരിക്കുന്നത് 184ാം വകുപ്പ് പ്രകാരമുള്ള അപകടരമായ ഡ്രൈവിങ്ങിന്റ ഭാഗമാക്കി മാറ്റി. എന്നുകരുതി ബ്ലൂടൂത്ത് ഉപയോഗിക്കുന്നത് കുറ്റകരമല്ലാതാകുന്നില്ലെന്നാണ് മറ്റൊരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. പുതുക്കിയ പിഴനിരക്ക് നിലവില്‍ വന്നെങ്കിലും വാഹനപരിശോധന നടത്തുന്ന എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലും ആശയക്കുഴപ്പം തുടരുകയാണ്. 

ചൊവ്വാഴ്ച മുതല്‍ കര്‍ശന വാഹനപരിശോധന പുനരാരംഭിക്കാനാണ് തീരുമാനം. അതിന് മുമ്പ് ബ്ലൂടൂത്ത് ഉപയോഗിച്ച് വാഹനം ഒാടിക്കുന്ന കാര്യത്തില്‍ മോട്ടോര്‍വാഹനവകുപ്പ് സ്ഥിരീകരണമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

MORE IN KERALA
SHOW MORE
Loading...
Loading...