പാരിസ്ഥിതിക പ്രശ്നങ്ങൾ; തീരമേഖലകളില്‍ ആഘാതം കുറച്ചുള്ള വികസനത്തിന് നിര്‍ദ്ദേശം

ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നിയമസഭാ പരിസ്ഥിതി സമിതി കാസര്‍കോട് ജില്ലയുടെ തീരമേഖലകളില്‍ സന്ദര്‍ശനം നടത്തി. മുല്ലക്കര രത്നാകരന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കെത്തിയത്. പരിസ്ഥിതിയാഘാതം കുറച്ചുള്ള വികസനത്തില്‍ ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശം ജനപ്രതിനിധികള്‍ക്ക് നല്‍കിയാണ് അംഗങ്ങള്‍ മടങ്ങിയത്.

വലിയപറമ്പയിലെ മാവിലാക്കടപ്പുറം, ഇടയിലക്കാട് ബണ്ട്, കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് കടപ്പുറം, കവ്വായി കായൽ എന്നിവിടങ്ങളാണ് സംഘം സന്ദര്‍ശനം നടത്തിയത്. ജില്ലയില്‍ നടത്തിയ തെളിവെടുപ്പിനിടെ ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സമിതി അംഗങ്ങള്‍ ഈ പ്രദേശങ്ങളിലെത്തുകയായിരുന്നു. മാവിലക്കടപ്പുറം ഓരിയരയിലെ അനധികൃത മണല്‍ഖനനം സംബന്ധിച്ച പരാതിയിൽ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു. ഇടയിലക്കാട്, മാടക്കാല്‍ ബണ്ടുകള്‍ കായലിന്റെ സ്വഭാവിക ഒഴുക്കിനും മത്സ്യപ്രജനനത്തിനും തടസ്സമാണെന്നും പകരം, പാലം നിര്‍മിക്കുകയാണ് പരിഹാരമാര്‍ഗമെന്നുമുള്ള പഞ്ചായത്ത് പ്രതിനിധികളുടെ അഭിപ്രായവും സമിതി കേട്ടു. മണലെടുപ്പും കടലേറ്റവും കാരണം വലിയപറമ്പ ദ്വീപ് ഇല്ലാതായികൊണ്ടിരിക്കുകയാണെന്ന നിരീക്ഷണവും പരിസ്ഥിതി സമിതി അംഗീകരിച്ചു.

കവ്വായി കായലിനു കുറുകെ തൃക്കരിപ്പൂർ, വലിയ പറമ്പ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം വേണമെന്ന ജനപ്രതിനിധികളുടെ ആവശ്യവും സമിതി പരിഗണിച്ചു. എംഎല്‍എമാരായ അനില്‍ അക്കര, പിടിഎ റഹീം, കെ.രാജു എന്നിവരടങ്ങുന്ന സംഘമാണ് ജില്ലയിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിക്കാന്‍ എത്തിയത്.