കാറ്റ് ഉൗരി വിട്ടു; കല്ലുകൊണ്ട് ഉരച്ചു; പാർക്കിങ്ങിനു ക്രൂരത

kottayam-car-attack
SHARE

ജനറൽ ആശുപത്രിയിൽ പാർക്ക് ചെയ്ത കാർ കല്ലു കൊണ്ട് ഉരച്ച് പെയിന്റ് കളഞ്ഞ ശേഷം 3 ടയറുകളുടെ കാറ്റ് ഊരി വിട്ടു. ആശുപത്രി ജീവനക്കാരന്റെ നിർദേശ പ്രകാരമാണു കാർ നശിപ്പിച്ചതെന്നു യുവാവ് പൊലീസിൽ പരാതി നൽകി. പൊലീസ് നടപടി എടുക്കാത്തതിനെ തുടർന്ന് ജില്ലാ കലക്ടർക്കു പരാതി നൽകിയെങ്കിലും നടപടി ഇതുവരെ ഇല്ല.കോട്ടയം കാരാപ്പുഴ സ്വദേശി സുമോദിന്റെ സ്വിഫ്റ്റ് കാറാണ് ആശുപത്രി വളപ്പിൽ നശിപ്പിച്ചത്. കഴിഞ്ഞ ആറാം തീയതി സഹോദരന്റെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനാണ് സുമോദ് കാറിൽ എത്തിയത്. നേത്ര രോഗ വിഭാഗത്തിനു സമീപം കാർ പാർക്ക് ചെയ്തു.

പണം കൊടുത്താൽ ഇവിടെ പാർക്കിങ് അനുവദിക്കുന്നതാണ്. പിറ്റേന്നാണ് വാഹനം എടുത്തത്. വാഹനം എടുക്കാൻ വന്നപ്പോഴാണ് വാഹനം മുഴുവൻ കല്ലു കൊണ്ട് ഉരച്ചതായി കാണുന്നത്. 3 ടയറുകളുടെ കാറ്റഴിച്ചു വിട്ട് വാൽട്യൂബിൽ മണ്ണ് നിറച്ചിരുന്നു. വാഹനം നന്നാക്കാൻ 30000 രൂപ ചിലവാകുമെന്നു സുമോദ് പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരോട് അന്വേഷിച്ചപ്പോൾ തങ്ങൾക്കറിയില്ലെന്നായിരുന്നു മറുപടി. വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിയന്ത്രിക്കുന്നതിനു സ്ഥലത്തുണ്ടായിരുന്ന കുടുംബശ്രീ ജീവനക്കാരും കൈമലർത്തി.

തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ജനറൽ ആശുപത്രി ജീവനക്കാരന്റെ വാഹനത്തിനു മുന്നിൽ കാർ പാർക്ക് ചെയ്തു പോയതാണ് പ്രതികാരത്തിനു പിന്നിലെന്ന് യുവാവ് ആരോപിക്കുന്നു. സുമോദിന്റെ വാഹനം പാർക്ക് ചെയ്തതു മൂലം ജീവനക്കാരന് വാഹനം എടുക്കാൻ കഴിഞ്ഞില്ല. ജീവനക്കാരന്റെ വിവരങ്ങളും പരാതിയിലുണ്ട്. ആശുപത്രി വളപ്പിൽ 2 ദിവസം ഈ സ്വിഫ്റ്റ് കാർ പാർക്ക് ചെയ്ത നിലയിൽ ഉണ്ടായിരുന്നതായി ആർഎംഒ ഡോ.ഭാഗ്യശ്രീ അറിയിച്ചു.

കുടുംബശ്രീ നടത്തുന്ന പേ ആൻഡ് പാർക്ക് സംവിധാനത്തിന്റെ റജിസ്റ്ററിൽ കാറിന്റെ നമ്പർ രേഖപ്പെടുത്തിയിരുന്നില്ല എന്നും ഇവർ ആരോപിച്ചു. അനധികൃതമായി പാർക്ക് ചെയ്തിരുന്ന വാഹനം മാറ്റുന്നതിന് ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഡിവൈഎസ്പിയെ രേഖാമൂലം അറിയിച്ചിരുന്നതായി അധികൃതർ പറയുന്നു. ഡിഎംഒയുടെ വാഹനം പാർക്ക് ചെയ്യുന്ന ഭാഗത്ത് തടസം ഉണ്ടാക്കുന്ന വിധത്തിലായിരുന്നു ഈ കാർ.

MORE IN KERALA
SHOW MORE
Loading...
Loading...