രതീഷിനെ കണ്‍സ്യൂമര്‍ഫെഡ് എം.ഡിയാക്കാൻ തീരുമാനം; മൗനം പാലിച്ച് പ്രതിപക്ഷം

vm-sudheeran-18
SHARE

അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന ഡോ.കെ.എ രതീഷിനെ കണ്‍സ്യൂമര്‍ഫെഡ് എം.ഡിയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഒളിച്ചുകളിച്ച് പ്രതിപക്ഷം. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുന്‍ പ്രസി‍ഡന്റ് വി.എം സുധീരനും സര്‍ക്കാരിനെതിരെ രംഗത്ത് വന്നെങ്കിലും പ്രതിപക്ഷനേതാവ് ഉള്‍പ്പടെയുള്ളവര്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഒരുവിഭാഗം നേതാക്കളുടെ മൗനം കോണ്‍ഗ്രസിനുള്ളിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 

െഎ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്റ ബന്ധുവാണ് കെ.എ രതീഷ്. അതുകൊണ്ടാണ് പ്രതിപക്ഷത്തെ ഒരു വിഭാഗം തീരുമാനത്തിനെതിരെ പ്രതികരിക്കാന്‍ തയാറാകാത്തതെന്നാണ് നിഗമനം. സര്‍ക്കാരിനെതിരെ എന്തുകിട്ടിയാലും പ്രസ്താവനയിറക്കുന്ന നേതാക്കള്‍പോലും മൗനം പാലിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ട്. പ്രതികരിച്ചില്ലെന്ന് മാത്രമല്ല,ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന നേതാക്കളെ അതില്‍ നിന്ന് വിലക്കിയതായും ആക്ഷേപമുണ്ട്. 

ഒരു വിഭാഗത്തിന്റ മൗനം സര്‍ക്കാര്‍ നീക്കത്തിന് കുടപിടിക്കുന്നതിന് തുല്യമാണ്.അതേസമയം ആരുടെ സമര്‍ദം കൊണ്ടാണ് രതീഷിനെ നിയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വാര്‍ത്തവന്നപ്പോള്‍ തന്നെ പ്രതികരിച്ചയാളാണ് താനെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

രതീഷിനെ നിയമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സി.ബി.െഎ സര്‍ക്കാരിന് നല്‍‌കിയ കത്ത് പൂഴ്ത്തിവച്ചാണ് നിയമനത്തിനുള്ള നടപടിയെടുത്തത്. ഇതില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. മനോരമ ന്യൂസാണ് രതീഷിനെ എം.ഡിയാക്കാനുള്ള നീക്കം പുറത്തുവിട്ടത്. 

MORE IN KERALA
SHOW MORE
Loading...
Loading...