മഴവെള്ള സംഭരണത്തിന് മാതൃക തുറന്ന് ചീമേനി; ജയിലിൽ കുഴി മുതൽ അണക്കെട്ട് വരെ

cheemeni-web
SHARE

കാസര്‍കോട് ജില്ലയിലെ ഭൂഗര്‍ഭ ജലശോഷണം ചര്‍ച്ചയാകുമ്പോള്‍ മഴവെള്ള സംഭരണത്തില്‍ മാതൃക സൃഷ്ടിച്ച് ചീമേനി തുറന്ന ജയില്‍. 300 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന ജയിലിൽ മഴക്കുഴികള്‍ മുതല്‍ ചെറിയൊരണക്കെട്ട് വരെയൊരുക്കിയാണ് നാളെക്കായി വെള്ളം കരുതി വയ്ക്കുന്നത്. ജയിലിലെ അന്തേവാസികള്‍ തന്നെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

മഴക്കുഴികൾ മുതൽ ചെറിയൊരണക്കെട്ട് വരെയുള്ളതാണ് തുറന്ന ജയിലിലെ ജലസംരക്ഷണ ശൃംഖല. മഴവെള്ളം പരന്നൊഴുകാതിരിക്കാനായി നിരവധി ചാലുകൾ നിർമിച്ചു. ഇവ ചെന്നെത്തുന്നത് അഞ്ഞൂറോളം മഴക്കുഴികളിലേയ്ക്ക്. സ്വാഭാവിക നീർച്ചാലുകളില്‍ നിന്നുള്ള വെള്ളം ഒഴുകി പോകാതിരിക്കുന്നതിനായി അഞ്ചു ചെറിയ ചെക്ക് ഡാമുകളുമുണ്ട്. രണ്ട് കുളങ്ങളിൽ 23 ലക്ഷം ലിറ്റർ വെളളം വീതം മഴക്കാലത്ത് നിറയും. ജയിൽ വളപ്പിനകത്തെ രണ്ട് കല്ലുവെട്ടു കുഴികൾ ഇപ്പോൾ മികച്ച ജലസംഭരണികളാണ്. ഒരു വർഷം 120 ലക്ഷം ലിറ്റർ വെള്ളം റീച്ചാർജ് ചെയ്യാൻ ഇവ മതി.

രണ്ടുകോടി ലിറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടും ഇവിടെയുണ്ട്. അറുപത് മീറ്റർ നീളവും മൂന്നര മീറ്ററിൽ കൂടുതൽ ഉയരവുമുണ്ട് ഈ അണകെട്ടിന്. സിമന്റിനും മണലിനും പകരമായി കളിമണ്ണും ചെങ്കൽപൊടിയുമുപയോഗിച്ചാണ് നിര്‍മാണം. നാലു മാസം കൊണ്ടാണ് അന്തേവാസികൾ പണി പൂർത്തീകരിച്ചത്. സംസ്ഥനത്തിന് തന്നെ മാതൃകയാക്കാവുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളാണ് കഴിഞ്ഞ കുറേവർഷങ്ങളായി ചീമേനി തുറന്ന ജയിലിനകത്ത് നടത്തുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...