പോസ്റ്റ്മോർട്ടത്തിന് സ്ഥലം നൽകി മുസ്‍ലിം പള്ളി; കവളപ്പാറയുടെ കണ്ണീരൊപ്പി മാതൃക; വിഡിയോ

ദുരിതമഴയെ വീണ്ടുമതിജീവിക്കാന്‍ പാടുപെടുകയാണ് കേരളം. മത, ജാതി അതിര്‍ വരമ്പുകൾ ഭേദിച്ച് മനുഷ്യസ്നേഹത്തിന്റെ നല്ല മാതൃകകൾ ഇതിനിടെ പല കോണുകളിൽ നിന്നും കേൾക്കുന്നുണ്ട്. നിലമ്പൂരിൽ നിന്നുമാണ് ഈ സ്നേഹകഥ.

ദുരിതമഴയെ തുടര്‍ന്ന് കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടം ചെയ്യാൻ സ്ഥലം വിട്ടുകൊടുത്താണ് നിലമ്പൂരിലെ പോത്തുകല്ലിലുള്ള മുസ്‍ലിം പള്ളി മാതൃകയായത്. കവളപ്പാറയിൽ നിന്നും നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് 45 കിലോമീറ്റർ ദൂരമുണ്ട്. കണ്ടെടുത്ത മൃതദേഹങ്ങൾ പലതും അഴുകിയ നിലയിലുമായിരുന്നു. ഈ ബുദ്ധിമുട്ട് മനസിലാക്കിയാണ് പള്ളിക്കമ്മിറ്റി മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടം ചെയ്യാൻ പ്രാർഥനാ ഹാൾ വിട്ടുകൊടുത്തത്. 

''അബ്ദു റഹിമാൻ മാത്രമല്ല, ആന്റണി ചാക്കോയുടെയും സരസ്വതിയുടെയും സോമന്റെയുമെല്ലാം മൃതദേഹങ്ങൾ ഇവിടെ വരുന്നുണ്ട്. കേരളത്തിനു തന്നെ ഇതൊരു ഉത്തമ മതേതരത്വത്തിന്റെ മാതൃകയാണ്'', മഞ്ചേരി മെഡിക്കൽ കോളജിലെ അറ്റന്‍ഡർ പരമേശ്വരന്‍ പറയുന്നു.