'നിങ്ങള്‍ ചെങ്ങന്നൂര്‍ക്കാരല്ലേ; എങ്ങനെ പണം വാങ്ങും'; പ്രളയനോവിനിടെ മാസ് മറുപടി

കേരളത്തെ രണ്ടാമതും നോവിക്കുകയാണ് പ്രളയം. നോവുകാഴ്ചകള്‍ക്കിടയില്‍ യഥാര്‍ഥ നന്‍മമരങ്ങളാകുന്നവരുണ്ട്. കൊച്ചിയിലെ നൗഷാദിനെപ്പോലെ ചിലര്‍. അത്തരമൊരു മാതൃകയാണ് മഞ്ചേരിയില്‍ നിന്നും കേള്‍ക്കുന്നതും. 

നാടിനെ സഹായിക്കാൻ തെക്കു നിന്നെത്തിയവർക്കു ഭക്ഷണം നൽകിയിട്ടു പണം വാങ്ങാതെ മഞ്ചേരിയിലെ ഹോട്ടലുടമ. പ്രകൃതി സംഹാരതാണ്ഡവമാടിയ നിലമ്പൂരിലെ ദുരിതബാധിതർക്കു  സഹായഹസ്തവുമായി പോയവരാണു ചെങ്ങന്നൂർ പുത്തൻതെരുവ് ന്യൂ സ്ട്രീറ്റ് ബോയ്സിലെ പത്തംഗസംഘം.

മഞ്ചേരി തൃക്കലങ്ങോട് 32 –ലെ രസം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ അനുഭവം സംഘാംഗമായ ഷോഫിൻ സി.ജോൺ  സമൂഹമാധ്യമത്തിൽ പങ്കു വയ്ക്കുകയായിരുന്നു. 10 പേർ ഭക്ഷണം കഴിച്ച ശേഷം ബിൽ ചോദിച്ചപ്പോഴാണു ഹോട്ടലുടമ ജിതേഷിന്റെ മാസ് മറുപടി –''നിങ്ങൾ ചെങ്ങന്നൂർക്കാരല്ലേ, ഞങ്ങളെ സഹായിക്കാനെത്തിയവരല്ലേ, പിന്നെങ്ങനെ പണം വാങ്ങും''.

സംഘം സഞ്ചരിച്ച വണ്ടിയുടെ പേര് ചെങ്ങന്നൂർക്കാരൻ എന്നു കണ്ടു വിശേഷങ്ങൾ തിരക്കിയപ്പോഴാണു സഹായവുമായി എത്തിയതാണെന്നു ഹോട്ടലുടമയ്ക്കു മനസിലായത്. നിങ്ങ എന്ത് മൻസമ്മാരാഡോ? എന്ന തലക്കെട്ടിൽ ഷോഫിൻ ഹോട്ടലിലെ അനുഭവം ഫെയ്സ്ബുക്കിൽ  പോസ്റ്റ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ നൂറുകണക്കിനു പേരാണു ഷെയർ ചെയ്തത്. ന്യൂ സ്ട്രീറ്റ് ബോയ്സിലെ റിത്തു, ജിബു എബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിലമ്പൂരിലേക്കു സഹായത്തിനായുള്ള വിഭവസമാഹരണം.