‘കൊല്ലത്ത് സുനാമിക്ക് സാധ്യത’; ആശങ്ക പരത്തി വ്യാജപ്രചാരണം; നടപടിക്ക് കലക്ടർ

kollam-fake-tsunami
SHARE

പ്രകൃതിദുരന്തത്തിൽ കേരളം വിറങ്ങലിച്ച് നിൽക്കുമ്പോൾ ആശങ്ക പരത്തി സോഷ്യൽ മീഡിയ പ്രചാരണം. കൊല്ലത്ത് സുനാമിയുണ്ടാകുമെന്നാണ് സൈബർ ഇടങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ആശങ്ക പരന്നതോടെ ഇത് വ്യാജപ്രചാരണമാണെന്നും നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി ജില്ലാ കലക്ടർ രംഗത്തെത്തി. കൊല്ലം ജില്ലയില്‍ സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഓഖിക്ക് സമാനമായ കാറ്റ് വീശുമെന്നും കടല്‍ കയറുമെന്നാണ് പ്രചരിപ്പിക്കുന്നത്. വാട്സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍മീഡിയകളിലൂടെ സര്‍ക്കാര്‍ അറിയിപ്പായാണ് വ്യാജ സന്ദേശം പ്രചരിച്ചത്. 

പബ്ലിക് റിലേഷന്‍ വകുപ്പും ഫിഷറീസ് വകുപ്പും അറിയിപ്പ് നല്‍കിയെന്ന തരത്തിലാണ് ശബ്ദ സന്ദേശം പ്രചരിക്കുന്നത്. വ്യാജ സന്ദേശങ്ങള്‍ പരത്തി പരിഭ്രാന്തി സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കൊല്ലം കലക്ടര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വ്യാജപ്രചാരണം ; നടപടി സ്വീകരിക്കും

മഴക്കെടുതിയില്‍ ഉള്‍പ്പെട്ട ലക്ഷങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരവെ ആശ്വാസമെത്തിക്കാന്‍ സര്‍ക്കാരും നാട്ടുകാരും ഉള്‍പ്പടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് വ്യാജപ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൊല്ലത്ത് കടല്‍ കയറുമെന്നും സുനാമി സാധ്യതയുണ്ടെന്നും ആണ് തെറ്റായ പ്രചാരണം. വാട്ട്‌സ്ആപ്പ് വോയ്‌സ് മെസേജായി പി ആര്‍ ഡി , ഫിഷറീസ് എന്നീ വകുപ്പുകളെ ഉദ്ധരിച്ചാണ് പ്രചാരണം. 

ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്ന പ്രചാരണം നടത്തുന്നവര്‍ അതിനായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ പേരും ദുരുപയോഗം ചെയ്യുന്നുണ്ട്. നാടാകെ ദുരിതം അനുഭവിക്കുന്ന ഘട്ടത്തില്‍ നടത്തുന്ന കുറ്റകരമായ നടപടിയാണിത്. ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണറോട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. 

ജില്ലാ കലക്ടറുടെ 'കലക്ടര്‍ കൊല്ലം' ഫെയ്‌സ്ബുക്ക് പേജിലും 'പി ആര്‍ ഡി കൊല്ലം' എന്ന ഫെയ്‌സ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ മാത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ ആധികാരിക സ്വഭാവത്തിലുള്ളതെന്ന് അറിയിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...