ഡാമുകളിൽ 34% വെള്ളം: ഇന്നലെ ലഭിച്ചത് 34.4 കോടി യൂണിറ്റിന്റെ നീരൊഴുക്ക്

maniyar-dam-open
SHARE

സംസ്ഥാനത്ത് മഴ ശക്തമായതോടെ വൈദ്യുതി ബോർഡിന്റെ പ്രധാന ഡാമുകളിൽ 34 ശതമാനത്തിലേറെ വെള്ളമായി. ഇന്നലെ 34.4 കോടി യൂണിറ്റിന്റെ നീരൊഴുക്കു ലഭിച്ചു. ഈ വർഷത്തെ ഏറ്റവും ഉയർന്ന നീരൊഴുക്കാണിത്. ഡാമുകളിലെ ജലനിരപ്പ് സർക്കാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുറ്റ്യാടി, പെരിങ്ങൽക്കുത്ത് ഡാമുകൾ തുറന്നു. ഇടുക്കിയിൽ ഇപ്പോൾ 32% വെള്ളമേയുള്ളൂ. പമ്പ 50%, കക്കി 25%, ഷോളയാർ 40%, ഇടമലയാർ 40%, ബാണാസുര സാഗർ 78% എന്നിങ്ങനെയാണു ജലനിരപ്പ്. ബാണാസുര സാഗർ ഡാം ഏതു നിമിഷവും തുറക്കും. വൈദ്യുതി ബോർഡിന്റെ ഏഴും ജലവിഭവ വകുപ്പിന്റെ ആറും ഡാമുകൾ തുറന്നിട്ടുണ്ട്. ബോർഡിന്റെ ചെറിയ ഡാമുകളാണു നിറഞ്ഞത്.

തമിഴ്നാടിന്റെ അപ്പർ ഷോളയാർ ഡാം അതിവേഗം നിറയുകയാണ്. അതു തുറന്നു വിട്ടാൽ ഷോളയാർ വഴി പെരിങ്ങൽകുത്തിൽ വെള്ളം എത്തുമെന്നു വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു. ഇടുക്കി അണക്കെട്ടിൽ ഇന്നലത്തെ ജലനിരപ്പ് 2333.12 അടി (710.074 മീറ്റർ). കഴിഞ്ഞ വർഷം ഇതേ സമയത്തെ ജലനിരപ്പ് – 2398.40 അടി (731.032 മീറ്റർ). മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇന്നലത്തെ ജലനിരപ്പ് –125.2 അടി (38.16 മീറ്റർ); കഴിഞ്ഞ വർഷം ഇതേ സമയത്ത് 133.60 അടി (40.72 മീറ്റർ). 

പത്തനംതിട്ട മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ശബരിഗിരി പദ്ധതിയിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം പൂർണമായും നിർത്തി. ശബരിഗിരി പദ്ധതിയിൽ 29% ജലം മാത്രമേയുള്ളതിനാൽ ഇനിയും ജലം സംഭരിക്കാം. മണിയാർ തടയണയുടെ 5 ഷട്ടറുകൾ തുറന്നു. കൊച്ചു പമ്പ ഡാമിൽ 974.6 മീറ്ററും, കക്കിയിൽ 952.65 മീറ്ററുമാണ് ജല നിരപ്പ്. 

കോഴിക്കോട് കക്കയം ഡാം പവർ ഹൗസിനു മുകളിൽ ഉരുൾപൊട്ടി. പവർ ഹൗസിൽ ചെളി നിറഞ്ഞതിനെ തുടർന്ന് വൈദ്യുതി ഉൽപാദനം നിർത്തി. കക്കയം വാലിയിലും ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. കക്കയം 2487 അടി പരമാവധി സംഭരണ ശേഷിയിലെത്തി. 4 അടി ഷട്ടർ ഉയർത്തി വെള്ളം ഒഴുക്കുന്നു. ആലപ്പുഴ തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറുകൾ, തോട്ടപ്പള്ളി സ്പിൽവേയിലെ 38 ഷട്ടറുകൾ, അന്ധകാരനഴിയിലെ 20 ഷട്ടറുകൾ എന്നിവ തുറന്നിട്ടുണ്ട്. തോട്ടപ്പള്ളിയിലെ ശേഷിക്കുന്ന 2 ഷട്ടറുകളും ഉടൻ തുറക്കും.

പാലക്കാട് മംഗലം, വാളയാർ, കാഞ്ഞിരപ്പുഴ, മലമ്പുഴ ഡാമുകൾ ‍തുറന്നു. ദിവസം 15 കോടിയുടെ വരുമാന നഷ്ടം വൈദ്യുതി ബോർഡിന്റെ ചെമ്പൂക്കടവ് പവർ ഹൗസ് വെള്ളത്തിലായി. ആഢ്യൻപാറ നിലയത്തിന്റെ പ്രവർത്തനത്തെ മഴ സാരമായി ബാധിച്ചു. വെള്ളം പൊങ്ങിയതിനെ തുടർന്ന് ഇരുപതോളം സബ്സ്റ്റേഷനുകൾ ഓഫ് ചെയ്യേണ്ടി വന്നു. ഇവയ്ക്കു കീഴിലുള്ള ഉപയോക്താക്കൾക്കു വൈദ്യുതി വിതരണം ചെയ്യാൻ സാധിക്കുന്നില്ല. 

സംസ്ഥാനത്തു ദിവസം 7.5കോടി യൂണിറ്റ് വൈദ്യുതി വിതരണം ചെയ്തിരുന്നത് 4.5 കോടിയായി കുറഞ്ഞു. ഇതിലൂടെ ദിവസം 15 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടെന്നു വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...