മകനെ തോളിലിരുത്തി ആനയെ തൊടീച്ചു; യതീഷ് ചന്ദ്രയ്ക്കെതിരെ പരാതി: കുറിപ്പ്

yatheesh-elephant-pic-viral
SHARE

ഇന്നലെ സൈബർ ലോകത്ത് വൈറലായ വാർത്തയ്ക്കും ചിത്രത്തിനും പിന്നാലെ യതീഷ് ചന്ദ്ര ഐപിഎസിനെതിരെ പരാതി. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടിനിടയില്‍ യതീഷ്ചന്ദ്ര നിയമലംഘനം നടത്തിയെന്നാണ് ആരോപണം. കുട്ടിയെ തോളിലേന്തി ആനയെ തൊട്ടിയിച്ചതിനെതിരെയാണ് ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് പരാതി നൽകിയിരിക്കുന്നത്. ആനകളും ആളുകളും തമ്മിൽ മൂന്നു മീറ്റർ അകലം പാലിക്കണമെന്ന ചട്ടവും യതീഷ് ചന്ദ്ര ലംഘിച്ചെന്ന് പരാതിയിൽ പറയുന്നു.

ഇന്നലെ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ്ചന്ദ്ര വടക്കുന്നാഥ ക്ഷേത്രത്തില്‍ ആനയൂട്ടിന് എത്തിയത് മഫ്തിയിലായിരുന്നു. മകന്‍ വിശ്രുത് ചന്ദ്രയും ഒപ്പമുണ്ടായിരുന്നു. നാല്‍പത്തിയേഴ് ആനകള്‍ ഒന്നിച്ച് അണിനിരന്ന കാഴ്ച കണ്ടപ്പോള്‍ മകന് ആവേശമായി. ആളുകള്‍ ആനയ്ക്കുരുള നല്‍കുന്നതും പഴം നല്‍കുന്നതും കണ്ടപ്പോള്‍ മകന്‍ അച്ഛനോട് പറഞ്ഞു. ‘‘എനിക്കും ആനയ്ക്ക് പഴം കൊടുക്കണം’’. ആനയ്ക്കു പഴം നല്‍കാന്‍ എളുപ്പത്തിന് മകനെ അച്ഛന്‍ തോളിലേറ്റിയത്.

പരാതി സംബന്ധിച്ച് ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സിന്റെ ഫെയ്സ്ബുക്ക് പേജിലെ കുറിപ്പ് ഇങ്ങനെ: യതീഷ് ചന്ദ്ര ഐപിഎസ് കുട്ടിയെ തോളിലേന്തി ആനയെ തൊട്ടു രസിച്ചത് ശിക്ഷാർഹമാക്കാൻ കേരള ഗവർണർക്കും ബാലാവകാശ കമ്മീഷൻ ചെയർമാനും ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് നിവേദനമയച്ചു. ഇന്നലെ വടക്കുംനാഥ ക്ഷേത്രത്തിൽ നടന്ന ആനയൂട്ട് കാണാനെത്തിയ യതീഷ് ചന്ദ്ര ഇത്തരത്തിൽ പെരുമാറിയത് ആനകളും ആളുകളും തമ്മിൽ മൂന്നു മീറ്റർ അകലം പാലിക്കണമെന്ന ചട്ടം ലംഘിച്ചാണ് ക്യാമറകൾക്ക് മുൻപിൽ ഇത്തരം ടച്ചിങ്‌സ് നടത്തിയതെന്ന നിവേദനം ആരംഭിക്കുന്നു.

കര്‍ണാടക സ്വദേശിയായ യതീഷ്ചന്ദ്ര കുടുംബസമേതം തൃശൂരിലാണ് രണ്ടുവര്‍ഷമായി താമസം. ആനകളുടേയും പൂരങ്ങളുടേയും നാട്ടില്‍ കമ്മിഷണറായി ചുമതലയേറ്റ ശേഷം പലപ്പോഴും ആനയെ കാണണമെന്ന്  അച്ഛനോട് മകന്‍ ആവശ്യപ്പെട്ടിരുന്നു. പൂരത്തിന് ക്രമസമാധാന ഡ്യൂട്ടിയുടെ തിരക്കായതിനാല്‍ മകന്‍റെ ആഗ്രഹം സാധിച്ചിരുന്നില്ല. വടക്കുന്നാഥ ക്ഷേത്രത്തില്‍ ആനയൂട്ട് ദിവസം മകനെ കൊണ്ടുവരാന്‍ കാരണവും അതായിരുന്നു. അവധി ദിവസം മകനോടൊപ്പം ബൈക്ക് റൈഡ് മുടങ്ങാതെ ചെയ്യാറുണ്ട് യതീഷ്ചന്ദ്ര. ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ മകനോടൊപ്പം പോകുന്നത് കമ്മിഷണറാണെന്ന് ആളുകള്‍ തിരിച്ചറിയാറുമില്ല. പൂരപ്രേമികള്‍ക്കിടയില്‍ പൂരം ആഘോഷിക്കുന്ന യതീഷ്ചന്ദ്രയുടെ വീഡിയോ കഴിഞ്ഞ പൂരത്തിന് വൈറലായിരുന്നു. തൃശൂര്‍ റൂറല്‍ എസ്.പിയായി ജോലി ചെയ്ത ശേഷമാണ് കമ്മിഷണറായി തൃശൂരില്‍ ചുമതലയേറ്റത്.

MORE IN KERALA
SHOW MORE
Loading...
Loading...