ഷൂട്ടിംഗിലൂടെ വ്യാജ സർട്ടിഫിക്കറ്റും ഗ്രേസ് മാർക്കും; അസോസിയേഷൻ സെക്രട്ടറി ഉൾപ്പടെ കുടുങ്ങും

fake-certificate
SHARE

ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിന്റെ പേരില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി വിദ്യാര്‍ഥികള്‍ ഗ്രേസ് മാര്‍ക്ക് നേടി. രണ്ടായിരത്തി പതിനേഴില്‍ ചെന്നൈയില്‍ നടന്ന സൗത്ത് സോണ്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിന്റെ പേരിലാണ് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചത്. സംഭവത്തില്‍ സംസ്ഥാന റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു.

2017 ഓഗസ്റ്റ് മാസം 21 മുതല്‍ 26 വരെ ചെന്നൈയില്‍ നടന്ന സൗത്ത് സോണ്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിന്റെ പേരിലാണ് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത്. വിജയികള്‍ക്ക് നാഷണല്‍ റൈഫിള്‍ അസോസിയേഷന്റെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുന്‍പു തന്നെ  മല്‍സരത്തില്‍ പങ്കെടുത്ത 12 വിദ്യാര്‍ഥികള്‍ ഗ്രേസ്മാര്‍ക്കിനായി വിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ അപ്പ് ലോഡ് ചെയ്യുകയായിരുന്നു. ഒരു വര്‍ഷം മുന്‍പു നടന്ന തട്ടിപ്പിന്റെ തെളിവുകള്‍ പുറത്തായതോടെ റൈഫിള്‍ അസോസിയേഷന്‍ കൊല്ലം ജില്ലാസെക്രട്ടറി പൊലീസില്‍ പരാതി നല്‍കി. കൊല്ലം വെസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അസോസിയേഷന്‍  സംസ്ഥാന സെക്രട്ടറി വി.സി ജെയിംസ് അടക്കമുള്ളവര്‍ പ്രതികളാണ്.

സംസ്ഥാന സ്പോര്‍ട്ട്സ് കൗണ്‍സിലിന്റെയും വിവിധ അസോസിയേഷനുകളുടെയും ഒത്താശയോടെ വര്‍ഷങ്ങളായി ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാറുണ്ടെന്നും പരാതിക്കാരന്‍ ആരോപിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ശിവരഞ്ജിത്ത് ഗ്രേസ് മാര്‍ക്കിനായി അമ്പൈയ്തിന്റെ വ്യാജസര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയതും ഇത്തരത്തിലാണെന്നും റൈഫിള്‍ അസോസിയേഷന്റെ കൊല്ലം ജില്ലാ സെക്രട്ടറി പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...