സാഹചര്യങ്ങളോട് പടവെട്ടി പത്താംതരം പാസായി; തുടർ പഠനം തുലാസിൽ

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷന്‍ പൂര്‍ത്തിയായിട്ടും വയനാട് ജില്ലയിലെ  ആദിവാസി വിഭാഗത്തിലെ നിരവധി കുട്ടികള്‍ പുറത്തു തന്നെ. എസ്.ടി. കുട്ടികള്‍ കൂടുതല്‍ താല്‍പര്യപ്പെടുന്ന സയന്‍സ് ഇതര വിഷയങ്ങള്‍ക്ക് വേണ്ടത്ര സീറ്റുകള്‍ ജില്ലയില്‍ ഇല്ലാത്തതാണ് കാരണം. പ്രവേശനം ലഭിക്കാത്ത കുട്ടികളെ ഉള്‍ക്കൊള്ളിക്കാന്‍ സീറ്റുകള്‍ വര്‍ധിപ്പിച്ച് പ്രത്യേക ഉത്തരവിറക്കണം എന്നാണ് ആവശ്യം.

പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി പത്താംതരം പാസായ ആദിവാസി വിഭാഗത്തിലെ കുട്ടികളിൽ  പലരുടേയും തുടര്‍ പഠനം തുലാസിലാണ്.

ആദിവാസി വിഭാഗങ്ങൾക്കായി ഇത്തവണ 175 പ്ലസ് വണ്‍ സീറ്റുകൾ മാത്രമാണ് വയനാട് ജില്ലയില്‍ കൂടിയത്.

വര്‍ധിപ്പിച്ച സീറ്റുകളിലാകട്ടെ ഭൂരിഭാഗവും സയന്‍സ് വിഭാഗത്തിലായിരുന്നു. പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ കഴിഞ്ഞിട്ടും

അറുന്നൂറോളം കുട്ടികള്‍ക്ക് ജില്ലയില്‍ സീറ്റുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ജില്ലയിലെ മൂന്ന് താലൂക്കുകളിലും ജില്ലാ ഭരണകൂടം സ്പോട്ട് അഡ്മിഷന്‍ വെച്ചിരുന്നു. എത്തിയ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം വിദ്യര്‍ഥികളും താല്‍പര്യപ്പെട്ടത് ഹ്യൂമാനിറ്റീസ് വിഷയമാണ്. ഈ വിഷയത്തിന് ആകെയുണ്ടായിരുന്നത് ചുരുങ്ങിയ സീറ്റുകള്‍ മാത്രം.

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള കുട്ടി ഉയര്‍ന്ന മാര്‍ക്ക് നേടി മെയിന്‍ ലിസ്റ്റില്‍ ഒന്നാമതെത്തിയാലും എസ്ടി റിസര്‍വേഷന്‍ ക്വാട്ടയിലേക്കാണ് പരിഗണിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ കുറഞ്ഞ മാര്‍ക്കുള്ള കുട്ടികള്‍ക്ക് ആദിവാസി ക്വാട്ട ആനുകൂല്യം ഉപയോഗപ്പെടുത്താനാകാതെ പോകുന്നുമുണ്ട്.