എസ്എഫ്ഐക്കെതിരെ അധ്യാപികയുടെ പരാതി; കളമശേരി കോളജിൽ സംഘർഷം

എസ്എഫ്ഐയുടെ മാനസിക പീഡനമാരോപിച്ച് സിപിഎം സഹയാത്രികയായ അധ്യാപിക നല്‍കിയ പരാതിയെ ചൊല്ലി കളമശേരി പോളി െടക്നിക്കില്‍ സംഘര്‍ഷം. അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കെഎസ്്യു പ്രതിഷേധിച്ചു . അതേസമയം അധ്യാപികയുടെ പരാതിയിലെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അധ്യാപികയ്ക്കെതിരെ നടപടി വേണമെന്നുമാണ് എസ്എഫ്ഐ നിലപാട്. 

കളമശേരി പോളിടെക്നിക്കിലെ അധ്യാപിക ലിസി ജോസഫാണ് എസ്എഫ്ഐയ്ക്കെതിരെ പരാതി നല്‍കിയത് . കോളജ് ഹോസ്റ്റലില്‍ സ്വീകരിച്ച ശക്തമായ നടപടികളുടെ പേരില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാനസികമായി പീഡിപ്പിക്കുന്നെന്നാണ് സിപിഎം അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്സ്  അസോസിയേഷനില്‍ നല്‍കിയ പരാതിയില്‍ മുന്‍ എസ്എഫ്ഐ നേതാവു കൂടിയായ ലിസി ജോസഫ് ആരോപിക്കുന്നത്. 

പരാതിയുടെ അടിസ്ഥാനത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടായിരുന്നു പ്രിന്‍സിപ്പലിന്‍റെ ഓഫിസിലെ കെഎസ്്യു ഉപരോധം.

അതേസമയം പരാതിക്കാരിയായ അധ്യാപിക വിദ്യാര്‍ഥികളോട് പതിവായി മോശമായി പെരുമാറുന്നയാളെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം. വിദ്യാര്‍ഥികളുടെ റെക്കോര്‍ഡ് പുസ്തകം കത്തിച്ചതിനെതിരെ  പരാതി നല്‍കിയതിന്‍റെ പേരിലാണ് സംഘടനയ്ക്കെതിരെ അധ്യാപിക ആരോപണമുന്നയിക്കുന്നതെന്നും പോളിടെക്നിക്കിലെ  എസ്എഫ്ഐ നേതാക്കള്‍ പറയുന്നു.

അധ്യാപികയില്‍ നിന്ന് എസ്എഫ്ഐയ്ക്കെതിരെ പരാതി കിട്ടിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. എസ്എഫ്ഐ പരാതിയുടെ അടിസ്ഥാനത്തില്‍ ലിസി ജോസഫിനെ ഹോസ്റ്റല്‍ കണ്‍വീനര്‍ സ്ഥാനത്തു നിന്നു നീക്കിയെന്നും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് തിരുവനന്തപുരത്തെ ഡയറക്ടറേറ്റാണെന്നുമാണ് പ്രിന്‍സിപ്പലിന്‍റെ നിലപാട്.