5 വർഷത്തിനിടെ കോളജ് വിട്ടത് 187 കുട്ടികൾ; അമ്പരപ്പിക്കുന്ന റിപ്പോർട്ട്; വിഡിയോ

sfi-tvm-clg-strike
SHARE

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വിടുതല്‍ വാങ്ങി പോയത് 187 വിദ്യാര്‍ത്ഥികള്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീല്‍ നിയമസഭയെ രേഖാമൂലം അറിയിച്ച കണക്കാണിത്. എസ്എഫ്ഐയുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം നടന്നത് മാസങ്ങള്‍ക്ക് മുന്‍പാണ്. പിന്നീട് ഈ വിദ്യാര്‍ഥിനിയും കോളജില്‍നിന്ന് വിടുതല്‍വാങ്ങിപോയി. വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടറോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥി യൂണിയന്റെ പ്രവര്‍ത്തനം സര്‍വ നിയന്ത്രണങ്ങള്‍ക്കും അതീതമാണെന്നായിരുന്നു റിപ്പോര്‍ട്ട്.

യൂണിയന്‍ പ്രവര്‍ത്തനം അക്കാദമിക പ്രവര്‍ത്തനങ്ങളെയും പഠനത്തെയും ബാധിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജനാധിപത്യ രീതിയിലല്ല യൂണിയന്‍ പ്രവര്‍ത്തനം. വിദ്യാര്‍ഥികള്‍ക്ക് സ്വന്തം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കരുത്. വിദ്യാര്‍ഥികളുടെ സമ്മതമില്ലാതെ ക്ലാസ് സമയത്ത് നിര്‍ബന്ധിച്ചു യൂണിയന്റെ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അധ്യാപകര്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്നു. ശാരീരിക അവശതകള്‍ ഉള്ള വിദ്യാര്‍ഥികളെപോലും സമരത്തില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുന്നു. സ്വകാര്യ ട്യൂഷനെ ആശ്രയിക്കാത്ത വിദ്യാര്‍ഥികളുടെ പഠനത്തെ ഇതു കാര്യമായി ബാധിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്നത്തെ സംഘർഷത്തിന് പിന്നിലും എസ്എഫ്ഐ

ഇന്ന് നടന്ന സംഘര്‍ഷത്തില്‍ എസ്എഫ്ഐയെ കുരുക്കിലാക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. വിദ്യാര്‍ഥിയെ ആക്രമിച്ചത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലെന്ന് പൊലീസ് വ്യക്തമാക്കി. നസീമടക്കം അഞ്ചുപേര്‍ സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസുകാരെ റോഡിലിട്ട് മര്‍ദിച്ച കേസിലെ പ്രതിയാണ് നസീം. കോളജില്‍ രാവിലെയാണ് വന്‍സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. രാവിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ സഹപാഠിയെ മര്‍ദിച്ചത് ചോദ്യംചെയ്ത വിദ്യാര്‍ഥിയെ നെഞ്ചില്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായ അഖില്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. തൊട്ടുപിന്നാലെ വിദ്യാര്‍ഥികള്‍ സംഘടിച്ച് എസ്എഫ്ഐയ്ക്കെതിരെ പ്രതിഷേധപ്രകടനം നടത്തി. എസ്എഫ്ഐ യൂണിറ്റ് ഓഫിസ് പിടിച്ചെടുക്കാനും ശ്രമിച്ചു. ഇത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതോടെ വീണ്ടും സംഘര്‍ഷമുണ്ടായി. ഈ ഘട്ടത്തിലൊന്നും പൊലീസോ അധ്യാപകരോ പ്രിന്‍സിപ്പലോ ഇടപെട്ടില്ല. പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ ക്യാംപസില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. ഇതോടെ മാധ്യമങ്ങളെ ക്യാംപസില്‍ നിന്ന് പുറത്താക്കാന്‍ എസ്എഫ്ഐ ഭാരവാഹികള്‍ രംഗത്തുവന്നു.

എസ്എഫ്ഐയുടെ മാനസികപീഡനം പെൺ‌കുട്ടിയുടെ ആത്മഹത്യശ്രമം

ആറ്റിങ്ങല്‍ ആലംകോട് സ്വദേശിയായ വിദ്യാര്‍ഥിനിയാണ് മാസങ്ങൾക്ക് മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോളജിന്റെ പഠനനിലവാരം ഇഷ്ടപ്പെട്ടാണ് ഇൗ വിദ്യാര്‍ഥിനി പ്രവേശനം നേടിയത്. കോളജ് പഠനത്തിനുശേഷം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനെടുത്ത് ബാക്കി സമയമാണ് പഠനത്തിനായി നീക്കി വച്ചിരുന്നത്. പ്ലസ്ടുവിന് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചിരുന്നു. കോളജില്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ 95 ശതമാനത്തിലേറെ മാര്‍ക്ക് ലഭിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ എസ്എഫ്ഐ നേതാക്കളില്‍നിന്നുള്ള സമ്മര്‍ദത്തെത്തുടര്‍ന്നാണ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക്  ശ്രമിച്ചത്. വിദ്യാര്‍ഥിനി എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ എസ്എഫ്ഐ നേതൃത്വത്തിനും പ്രിന്‍സിപ്പലിനും ഏതിരെ രൂക്ഷമായ വിമര്‍ശനം ഉണ്ടായിരുന്നു. പിന്നീട് ഇൗ വിദ്യാർഥിനി കോളജിൽ നിന്നും ടിസി വാങ്ങി പോയി. 

MORE IN KERALA
SHOW MORE
Loading...
Loading...