കുത്താൻ വേറെ ആളെ കിട്ടിയില്ല; എസ്എഫ്ഐക്കാരനെ തന്നെ കുത്തി; തുറന്നടിച്ച് നേതാക്കൾ

shafi-fios-sfi-post
SHARE

ഒന്നിന് പിറകെ ഒന്നായി സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വിവാദങ്ങളുടെ ഘോഷയാത്രയാണ്. നിരത്തിലും സൈബർ ലോകത്തും പ്രതിഷേധങ്ങളും രോഷവും പുകയുകയാണ്. എസ്എഫ്ഐ പ്രവർത്തകനെ തന്നെ കുത്തി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെത്തിച്ചിരിക്കുകയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കൾ എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അതും കോളജിലിരുന്ന് പാട്ടുപാടി എന്ന് ആരോപിച്ച്. എസ്എഫ്ഐക്കെതിരെ എസ്എഫ്ഐക്കാർ തന്നെ രംഗത്തെത്തി മാധ്യമങ്ങളോട് തുറന്നു പറയുന്ന തരത്തിലായി കാര്യങ്ങള്‍. ഇതിനെതിരെ രോഷക്കുറിപ്പുമായി യുവനേതാക്കളും രംഗത്തെത്തി. ഷാഫി പറമ്പിലും പി.കെ.ഫിറോസും പ്രതിഷേധം വ്യക്തമാക്കി ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു. 

‘ആദ്യം അവർ കെഎസ്‌യുക്കാരെ കുത്തി. പിന്നെ മറ്റു പാർട്ടിക്കാരെ കുത്തി. പിന്നീട് അവർ എഐഎസ്എഫുകാരെ കുത്തി. ഒടുവിൽ യൂണിവേഴ്‌സിറ്റി കോളേജ് ആയതോണ്ട് കുത്താൻ വേറെ ആളെ പെട്ടന്ന് കിട്ടാതെ വന്നപ്പോ എസ്എഫ്ഐക്കാരനെ തന്നെ കുത്തി. സഹപാഠികൾ മാധ്യമങ്ങളിലൂടെ പറഞ്ഞത് അനുസരിച്ചാണേൽ എസ്എഫ്ഐ കൊടിയുമെടുത്ത് ആദ്യം ഇറങ്ങുന്നവനെ തന്നെ. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം ഓരോ ലോഡ് വീതം കൊടിയിൽ വെച്ചാ മതി ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ഇനിയും കനക്കും.’ ഷാഫി പറമ്പിൽ കുറിച്ചു. 

വിദ്യാർഥികളുടെ അവകാശത്തിനായി മുറവിളി കൂട്ടുന്നു എന്ന് വാതോരതെ പ്രസംഗിക്കുന്ന എസ്എഫ്ഐ ഇൗ സർക്കാരിന്റെ കാലത്ത് നടത്തിയ മൗനങ്ങളെ എണ്ണിപറഞ്ഞായിരുന്നു പി.കെ ഫിറോസിന്റെ കുറിപ്പ്.

കുറിപ്പ് വായിക്കാം:

ഇക്കഴിഞ്ഞ കുറച്ചു വർഷങ്ങളായി എസ്.എഫ്.ഐ എന്ന സംഘടനയെ കുറിച്ച് നമ്മളെപ്പോഴൊക്കെയാണ് കേട്ടിട്ടുള്ളത്? തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഗുണ്ടായിസം കാണിക്കുമ്പോൾ! അതല്ലെങ്കിൽ സദാചാര പോലീസ് ചമയുമ്പോൾ!! അതുമല്ലെങ്കിൽ അവരുടെ പീഢനത്തെ തുടർന്ന് ഏതെങ്കിലും പെൺകുട്ടി പഠനം നിർത്തി പോകുമ്പോഴോ ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്യുമ്പോൾ!!! ഇപ്പോഴിതാ കൂട്ടത്തിലൊരുത്തനെ തന്നെ കത്തി കൊണ്ട് കുത്തിയപ്പോഴും. സ്വന്തം സഹപ്രവർത്തകൻ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വർഷം ഒന്ന് കഴിഞ്ഞിട്ടും പിടി കൂടാതിരുന്നിട്ട് പെട്ടി തൂക്കികളായ ഏതെങ്കിലും നേതാവു പ്രതിഷേധിച്ചോ?

ചരിത്രത്തിലാദ്യമായി SSLC കണക്ക് പരീക്ഷ ചോർന്നിട്ട് എസ്.എഫ്. ഐ സമരം നടത്തിയത് നമ്മളാരെങ്കിലും കണ്ടോ? ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്ലസ് വണ്ണിനും ഡിഗ്രിക്കും സീറ്റില്ലാതെ പെരുവഴിയിൽ നിൽക്കുമ്പോൾ ഈ സംഘടനയെ കുറിച്ച് നമ്മളെവിടെയെങ്കിലും കേട്ടോ? അധികാരക്കൊതിയൻമാരായ മന്ത്രിമാരുടെ ആർത്തി മാറ്റാൻ ചരിത്രത്തിലാദ്യമായി വിദ്യാഭ്യാസ വകുപ്പിനെ വിഭജിച്ചപ്പോൾ ഈ സംഘടന ഒരക്ഷരം മിണ്ടിയിരുന്നോ? നാടൊട്ടുക്കും സർക്കാർ,എയ്ഡഡ് മേഖലയെ അവഗണിച്ച് സ്വാശ്രയ കോഴ്സുകൾ വാരി വിതറിയപ്പോൾ കൂത്ത്പറമ്പ് രക്ത സാക്ഷികളെ ഓർത്തെങ്കിലും ഇവർ പ്രതികരിച്ചോ? കുട്ടികളെ കൊണ്ട് പാദപൂജ ചെയ്യാൻ നിർബന്ധിച്ചപ്പോഴും അതിനായി വിദ്യാഭ്യാസ മന്ത്രി സർക്കുലർ നൽകിയപ്പോഴും എസ്.എഫ്.ഐ സമരം ചെയ്തിരുന്നോ?

ഒടുവിൽ ഇത്രയും കാലം എസ്.എഫ്.ഐ സിന്ദാബാദ് എന്ന വിളിച്ചവർ തന്നെ ആ സംഘടനക്കെതിരെ പരസ്യമായി മുദ്രാവാക്യം വിളിച്ചിരിക്കുന്നു. നിങ്ങളുടെ കൊടിയിലെഴുതി വെച്ച 'സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം' എവിടെ എന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പെൺകുട്ടികളടക്കം ശബ്ദമുയർത്തി ചോദിക്കുന്നു. എസ്.എഫ്.ഐ എന്ന സംഘടന ഭരണം കിട്ടിയാൽ സൈലന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയാവാറുണ്ടെന്ന് കളിയായി പറയാറുണ്ട്. അത് അന്വർത്ഥമാക്കുന്ന നിലപാടുകളാണ് അവരിപ്പോൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. വായിൽ എല്ലു സൂക്ഷിക്കുന്ന പട്ടി കുരക്കില്ല എന്ന് പറഞ്ഞത് പോലെ അധികാരമെന്ന എല്ലിൻ കഷ്ണം തൊണ്ടയിൽ കുടുങ്ങിയത് കൊണ്ടാണോ എസ്.എഫ്.ഐ മിണ്ടാത്തതെന്ന് അവർ വ്യക്തമാക്കട്ടെ...

MORE IN KERALA
SHOW MORE
Loading...
Loading...