കയ്യോ കാലോ എടുത്തിട്ട് തിരിച്ചുതന്നൂടാരുന്നോ; ചങ്ക് തകർന്ന് അർജുന്റെ അമ്മ; കണ്ണീർ

arjun-murder-case-arrest
SHARE

‘ജ്യേഷ്ഠൻ മരിച്ചതിന്റെ പക തീർക്കാനായിരുന്നെങ്കിൽ കയ്യോ കാലോ എടുത്തിട്ട് എനിക്കെന്റെ മകനെ തിരികെ തരാമായിരുന്നില്ലേ?..’ ചങ്ക് തകർക്കുന്ന ഇൗ അമ്മയുടെ വാക്കിന് മുന്നിൽ ഉത്തരം മുട്ടുകയാണ്. എറണാകുളം നെട്ടൂരിൽ കൊല്ലപ്പെട്ട അർജുന്റെ അമ്മ സിന്ധു പറയുന്നതിങ്ങനെ. മകനെ കാണാതാവുന്നിതിന് നാലുദിവസം മുൻപ് അർജുനോട് അമ്മ പറഞ്ഞത് ഒന്നുമാത്രമായിരുന്നു.  ‘നീ നിബിൻ വിളിച്ചാൽ ഒപ്പം പോകരുത്’ പക്ഷേ അപ്പോൾ അവൻ പറഞ്ഞത്. ഇല്ലമ്മേ അവൻ പാവമാണ്. ചേട്ടനെ വലിയ ഇഷ്ടമായിരുന്നു അതാ അവൻ... കണ്ണീരോടെ സന്ധ്യ ഒാർക്കുന്നു. കൂട്ടുകാർ വിളിച്ചാൽ ഏതുനേരത്തും ഇറങ്ങിപ്പോകുന്നവനായിരുന്നു അവൻ. അതാണ് രാത്രി പതിനൊന്നുമണി കഴിഞ്ഞ് പെട്രോൾ തീർന്നെന്നു പറഞ്ഞു കൂട്ടുകാരൻ വിളിച്ചപ്പോൾ ഇറങ്ങിച്ചെന്നത്. രണ്ടു മാസം മുമ്പാണ്, പുതിയ രണ്ട് ഉടുപ്പു വാങ്ങിയത്. കൂട്ടുകാർ വന്ന് ചോദിച്ചപ്പോൾ അവർക്കു കൊടുത്തു. നീ ഇങ്ങനെ ചെയ്താൽ എങ്ങനെയാണെന്നു ചോദിച്ചപ്പോൾ അവർക്ക് ഇല്ലാഞ്ഞിട്ടല്ലേ എന്നായിരുന്നു മറുപടി. 

രാത്രി പത്തുമണി വരെയും അർജുന്റെ ഫോണിൽ നിന്ന് കൂട്ടുകാരുമായി ചാറ്റു ചെയ്തതിനു തെളിവുണ്ട്. മകനെ കാണാതായപ്പോഴേ ചില സംശയങ്ങളുണ്ടായിരുന്നു. എന്നാൽ കൊന്നുകളയുമെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. മകനോട് ശത്രുത തോന്നാൻ കാര്യങ്ങളൊന്നുമില്ല. അതുകൊണ്ടാണ് ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തത്. മകനെ തിരിച്ചുകിട്ടുമെന്നു തന്നെയാണ് വിശ്വസിച്ചിരുന്നത്. എന്നാൽ അവന്റെ മൃതദേഹം പോലും നേരേ ഒന്നു കാണാൻ സാധിച്ചില്ല– പിതാവ് സങ്കടപ്പെട്ടു.

അനന്തു എന്ന കൂട്ടുപ്രതിയാണ് കൊലപാതകത്തിൽ കൂടെയുണ്ടായിരുന്നവരുടെയെല്ലാം പേരു വെളിപ്പെടുത്തിയത്. അർജുനെ കൊലപ്പെടുത്തിയ വിവരം ആദ്യമേ പുറത്തു പറഞ്ഞതും അനന്തുവാണ്. തന്റെ അടുത്ത ഏതാനും കൂട്ടുകാരോട് അനന്തു എല്ലാം തുറന്നു പറഞ്ഞിരുന്നുവത്രെ. എല്ലാവരും അന്വേഷിക്കുമ്പോഴും അനന്തുവിന്റെ ചില കൂട്ടുകാർക്ക് കൊലപാതക വിവരം അറിയാമായിരുന്നു. ഇവരിൽ നിന്ന് ഇതറിഞ്ഞാണ് അർജുന്റെ സുഹൃത്തുക്കളിൽ ചിലർ അനന്തുവിനെ ചോദ്യം ചെയ്യുകയും പൊലീസിൽ മൊഴികൊടുപ്പിക്കുകയും ചെയ്തത്. പൊലീസ് നേരത്തെ ഇവരെ ചോദ്യം ചെയ്തിരുന്നെങ്കിൽ മകന്റെ മൃതദേഹമെങ്കിലും നേരെ കിട്ടുമായിരുന്നെന്ന് പിതാവ് വിലപിക്കുന്നു. മകന്റെ മൃതദേഹം കണ്ടെത്തി സംസ്കാരം കഴിഞ്ഞ ശേഷം ഉന്നത അന്വേഷണ ഉദ്യോഗസ്ഥർ വീട്ടിൽ വന്നിരുന്നു. ‘നിങ്ങളുടെ മകനെ കണ്ടുപിടിക്കാൻ ഞങ്ങൾ എന്താ കണിയാരാണോ’ എന്നു ചോദിച്ചത് ആരാണെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എന്നാൽ പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്കു വിളിച്ചപ്പോഴാണത്രെ ഇത്തരത്തിൽ ഒരു പ്രതികരണമുണ്ടായത്. അത് ആരാണെന്ന് തനിക്കറിയില്ലെന്നായിരുന്നു വിദ്യന്റെ മറുപടി.

ഒന്നാംപ്രതി നിബിന്റെ സഹോദരൻ എബിനും കൊല്ലപ്പെട്ട അർജുനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരു വർഷം മുൻപ് കളമശേരിയിൽവെച്ചുനടന്ന അപകടത്തിൽ എബിൻ മരിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അർജുന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർജുന്റെ ചികിൽസയ്ക്കായി ഏകദേശം 10 ലക്ഷത്തോളം രൂപയാണ് ചിലവായത്. എന്നാൽ എബിനെ അർജുൻ മനപൂർവ്വം കൊന്നതാണെന്ന സംശയത്തിന്റെ പേരിലാണ് നിബിൻ അർജുനെ കൊന്ന് ചതുപ്പിൽ ചവിട്ടി താഴ്ത്തുന്നത്. നിബിനുമായും അർജുൻ കൂട്ടായിരുന്നു. നിബിന്റെ കോൾ വന്ന പിറകിനാണ് അർജുൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതെന്ന് ബന്ധുക്കൾ അറിയിച്ചു. ഈ മാസം രണ്ടാം തീയതി മുതലാണ് അർജുനെ കാണാതാകുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...