ഇറിഡിയം വിളക്ക് നൽകാമെന്നു പറഞ്ഞ് വിളിച്ചു വരുത്തി; ബന്ദികളാക്കി, 1.42 ലക്ഷം രൂപ തട്ടി

malappuram-kidnap
SHARE

വർക്കല: ലക്ഷങ്ങൾ വിലയുള്ള ഇറിഡിയം കോപ്പർ അടങ്ങിയ വിളക്ക് നൽകാമെന്നു പറഞ്ഞ്  മലപ്പുറം സ്വദേശികളെ വർക്കലയിലേക്ക് വിളിച്ചു വരുത്തി ബന്ദികളാക്കി 1.42 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ മുഖ്യ പ്രതിയുൾപ്പെടെ രണ്ടു പേർ പിടിയിലായി. ഏപ്രിൽ 18 നാണ് സംഭവം നടന്നത്. മലപ്പുറം പൊന്നാനി വട്ടക്കുളം കുറ്റിപാലം ചക്കരപള്ളി വീട്ടിൽ ഹോട്ടൽ ഉടമയായ ഷാഹുൽ ഹമീദിനെയും(59) സുഹൃത്ത് മലപ്പുറം നടുവട്ടം സ്വദേശി അബ്ദുൽ കരീമിനെയുമാണ്(36) ആറംഗ സംഘം ബന്ദികളാക്കി പണം തട്ടിയെടുത്തത്.

മുഖ്യപ്രതി കൊല്ലം മയ്യനാട് തെക്കുംകര ചേരിയിൽ സെവൻ ഹെവൻ വീട്ടിൽ നിന്നു വർക്കല തൊട്ടിപാലം കനാൽപുറമ്പോക്കിൽ താമസിക്കുന്ന   മുഹമ്മദ് റിയാസ് എന്ന നിവിൻ (36), കൂട്ടുപ്രതി ചിലക്കൂർ കനാൽപുറമ്പോക്കിൽ നിസാം(18) എന്നിവരെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജി.ഗോപകുമാർ, എസ്ഐ ജി.എസ്.ശ്യാംജി, എഎസ്ഐ വിജയകുമാർ, സീനിയർ സിപിഒ മുരളീധരൻ, സിപിഒമാരായ സതീശൻ, കിരൺ, ഷമീർ, ജയ്മുരുകൻ എന്നിവർ അടങ്ങിയ സംഘം കടയ്ക്കലിൽ നിന്നു പിടികൂടിയത്.

ഏപ്രിൽ 18ന് മലപ്പുറത്ത് നിന്നു ട്രെയിൻ മാർഗം വർക്കലയിലെത്തിയ ഷാഹുൽ ഹമീദിനെയും അബ്ദുൾ കരീമിനെയും മുഖ്യപ്രതിയുടെ നേതൃത്വത്തിൽ ആറംഗ സംഘം ചിലക്കൂർ ആലിയിറക്കത്തെ ആൾ താമസമില്ലാത്ത വീട്ടിലെത്തിച്ചു. പിന്നീട് കൈയും കാലും കെട്ടിയിട്ടു കഴുത്തിൽ വാൾ കാട്ടി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്ന ഫോട്ടോകൾ ഷാഹുൽ ഹമീദിന്റെ ബന്ധുക്കൾക്ക് അയച്ചു കൊടുത്തു പണം ആവശ്യപ്പെട്ടു. ഷാഹുൽ ഹമീദിന്റെ പക്കലുണ്ടായിരുന്ന ഒരു ലക്ഷംരൂപ  തട്ടിയെടുത്തതിനു പുറമേ വിളക്കിന് പത്തു ലക്ഷം രൂപയാണെന്നും ബാക്കി തുക അക്കൗണ്ട് വഴി നൽകണമെന്നായിരുന്നു ആവശ്യം.

ഒടുവിൽ 42,000 രൂപ കൂടി അക്കൗണ്ട് വഴി ബന്ധുക്കൾ നൽകിയതിനെ തുടർന്നു അന്നേ ദിവസം രാത്രി ഇരുവരെയും മോചിപ്പിച്ചു പാരിപ്പള്ളി വഴി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറ്റി വിട്ടു. പിറ്റേദിവസം ഷാഹുൽ ഹമീദ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നു കേസ് റജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം കാര്യമായി നീങ്ങിയില്ല. മൂന്നു മാസത്തിന് ശേഷം കേസ് ഫയൽ വർക്കല പൊലീസിന് കൈമാറിയതിനു പിന്നാലെയായിരുന്നു പ്രതികളിൽ രണ്ടു പേരെ പിടികൂടിയത്.

മുഖ്യപ്രതി റിയാസ് കടയ്ക്കൽ, പള്ളിക്കൽ, ചാവക്കാട്, കൊട്ടിയം, വർക്കല, ചവറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു  യുവതികളെ പല പേരുകളിൽ പരിചയപ്പെട്ട് വിവാഹത്തട്ടിപ്പ് നടത്തിയിട്ടുമുണ്ട്. കൂടാതെ  ഇറിഡിയം കോപ്പർ, വെള്ളിമൂങ്ങ, ഇരുതലമൂരി എന്നിവ നൽകാമെന്നു പറഞ്ഞ്  തൃശൂർ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ  ഒട്ടേറെപ്പേരെ ഇയാൾ  വഞ്ചിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.  ബന്ദിയാക്കൽ കേസിലെ നാലു പേർക്കായി അന്വേഷണം തുടരുന്നതായി ഇൻസ്പെക്ടർ ഗോപകുമാർ അറിയിച്ചു.

ഇരകളെ കുരുക്കിയത് ട്രെയിൻ യാത്രയിൽ

ഒരു ട്രെയിൻ യാത്രയ്ക്കിടയിലാണ് മലപ്പുറം സ്വദേശി അബ്ദുൽ കരീം  ഇറിഡിയം കോപ്പർ തട്ടിപ്പു പ്രതിയായ മുഹമ്മദ് റിയാസിനെ പരിചയപ്പെട്ടത്. ഇറിഡിയം വിളക്ക് കൈവശമുണ്ടെന്നും വീട്ടിൽ സൂക്ഷിച്ചാൽ സാമ്പത്തിക അഭിവൃദ്ധി നേടുമെന്നുമുള്ള പ്രതിയുടെ വാക്കു വിശ്വസിച്ചാണ് പണം മുടക്കാൻ തയാറായ ഷാഹുൽ ഹമീദുമായി വർക്കലയിലെത്തുന്നത്. പത്തു ലക്ഷം രൂപയായിരുന്നു പ്രതികൾ വിളക്കിന് ചാർത്തിയ വില.

പ്രാരംഭ തുകയായ ഒരു ലക്ഷവുമായി വർക്കലയിലെത്തിയപ്പോഴാണ് ഇരുവരെയും കെട്ടിയിട്ടു ബന്ദിയാക്കിയത്.ഷാഹുൽ ഹമീദിനെ ബന്ദിയാക്കിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഫോണിലൂടെ വാട്സാപ്പ് വഴി മകന് അയച്ചു നൽകി. ഇവരിൽ നിന്നു തട്ടിയെടുത്ത ഒരു ലക്ഷത്തിന് പുറമേ കൂടുതൽ പണം അക്കൗണ്ട് വഴി തട്ടിയെടുക്കലായിരുന്നു ലക്ഷ്യം. ഒടുവിൽ ബന്ധുക്കൾ 42,000 രൂപ വർക്കലയിലെ ഫെഡറൽ ബാങ്ക് അക്കൗണ്ട് വഴി അയച്ചു കൊടുത്തതിന് ശേഷമാണ് ഇരുവരെയും പോകാൻ അനുവദിച്ചത്.

MORE IN KERALA
SHOW MORE
Loading...
Loading...