‘വിഷ്ണു ഭായ്..’; പുതപ്പുമായി വീണ്ടുമെത്തി; പ്രളയകാല നന്‍മ മറക്കാതെ മലയാളി; ഹൃദ്യം

vishnu-again-kerala
SHARE

‘എടോ, വിഷ്ണു ഭായ്..’ പ്രളയത്തിനൊപ്പം മലയാളിയുടെ സ്നേഹവും ഇറങ്ങിക്കാണുമെന്ന ധാരണ തെറ്റിക്കുന്നതായിരുന്നു ഇൗ വിളി. വിഷ്ണുവിന്റെ ഇത്തവണത്തെ രണ്ടാം വരവിലും മലയാളി ഇൗ മറുനാടൻ ഭായിക്ക് നൽകിയത് ഹൃദയം നിറഞ്ഞ സ്നേഹം. പ്രളയകാലത്ത് വിൽപ്പനയ്ക്ക് കൊണ്ടുവന്ന കമ്പിളിപ്പുതപ്പ് പ്രളയബാധിതർക്ക് നൽകിയ വിഷ്ണു എന്ന മധ്യപ്രദേശുകാരനെ  ചേർത്ത് നിർത്തി കേരളം നന്ദി പറഞ്ഞിരുന്നു. ഇപ്പോൾ മഴക്കാലം ആയതോടെ വീണ്ടും കമ്പിളിയുമായി എത്തിയിരിക്കുകയാണ് വിഷ്ണു. എന്നാൽ ഇപ്പോൾ ആളുകൾ പേരുവിളിച്ചാണ് പുതപ്പ് വാങ്ങുന്നതെന്ന് വിഷ്ണു പറയുന്നു. 

കേരളത്തെയാകെ പ്രളയം വിഴുങ്ങുന്നതിന് മുൻപേ തന്നെ ജില്ലയുടെ മലയോരങ്ങളെ കാലവർഷം വിറങ്ങലിപ്പിച്ചിരുന്നു. അന്ന് ഇരിട്ടി താലൂക്ക് ഓഫിസിൽ ജീവനക്കാരെല്ലാം പ്രളയാനന്തര പ്രവർത്തനങ്ങളുടെ അവലോകനത്തിനായി ഒത്തുകൂടി അസ്വസ്ഥരായി ഇരിക്കുമ്പോഴാണ് മുൻവർഷങ്ങളിലെത്തിയതിന്റെ പരിചയവുമായി വിഷ്ണു കമ്പിളിപ്പുതപ്പ് വിൽപനയ്ക്കായി കയറിച്ചെല്ലുന്നത്. 

പതിവിൽ കവിഞ്ഞ നിശബ്ദതയും മറ്റും ശ്രദ്ധിച്ച വിഷ്ണു ഉദ്യോഗസ്ഥരോട് ചോദിച്ചു എന്താണ് സംഭവിച്ചതെന്ന്. പ്രളയത്തെക്കുറിച്ചറിഞ്ഞ വിഷ്ണു തന്റെ കൈവശം ഉണ്ടായിരുന്ന 50 കമ്പിളിപുതപ്പ് ഉടൻ തഹസിൽദാർ കെ.കെ.ദിവാകരനു കൈമാറി, ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരുടെ തണുപ്പകറ്റാൻ.

സംഭവം വാർത്തയായതോടെ,  വിഷ്ണുവിനെ മാതൃകയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അഭ്യർഥിക്കുകയുണ്ടായി. രണ്ടാം ഘട്ടത്തിൽ ആറളം ഫാമിലും വയനാട്ടിലുമായി ദുരിതാശ്വാസ ക്യാംപുകളിൽ കഴിഞ്ഞ പ്രളയ ബാധിതർക്കായി 450 പുതപ്പു കൂടി നൽകിയാണു വിഷ്ണു കേരളം വിട്ടത്. ഇക്കുറി താൻ പാനിപ്പത്തിലെ കമ്പനിയിൽ നിന്നു നേരിട്ടു വാങ്ങിയതിനാൽ മൊത്തക്കച്ചവട വിലയ്ക്കാണു പുതപ്പു വിൽക്കുന്നതെന്നു വിഷ്ണു പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...