ഡി.സി.സി. പ്രസിഡന്‍റ് കസേരയ്ക്കായി പിടിവലി; ‍‍ടി എൻ പ്രതാപന്‍റെ വാക്കിന് മുൻഗണന

ടി.എന്‍.പ്രതാപന്‍ എം.പി. സ്ഥാനമൊഴിഞ്ഞതോടെ തൃശൂര്‍ ഡി.സി.സി. പ്രസിഡന്‍റിന്‍റെ കസേരയ്ക്കു വേണ്ടി ഗ്രൂപ്പ് പോരാട്ടം ശക്തം. പ്രസിഡന്റ് ആരാകണമെന്ന കാര്യത്തില്‍ ടി.എന്‍.പ്രതാപന്‍റെ അഭിപ്രായവും പാര്‍ട്ടി മുഖവിലയ്ക്കെടുക്കും.

ഡി.സി.സി. പ്രസിഡന്റ് പദവി ഐ ഗ്രൂപ്പിന് കിട്ടിയാല്‍ മുന്‍ എം.എല്‍.എ: എം.പി.വിന്‍സന്‍റോ ജോസ് വള്ളൂരോ കയറിക്കൂടും. അതേസമയം, എ ഗ്രൂപ്പിന് വീതംവച്ചാല്‍ നിലവിലെ ഡി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റിന് ഗുണകരമാകും. യുവതലമുറ വേണ്ടെന്നാണ് പാര്‍ട്ടി നിലപാടെങ്കില്‍ പഴയ പടക്കുതിരകള്‍ സ്ഥാനം ഉറപ്പിക്കും. മുന്‍ എം.എല്‍.എമാരായ പി.എ.മാധവന്‍, ടി.വി.ചന്ദ്രമോഹന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ തുടങ്ങിയവരാണ് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള മുതിര്‍ന്ന നേതാക്കള്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പതിമൂന്നു നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഏറെ മുന്നേറിയിട്ടുണ്ട്. ഈ മുന്നേറ്റം തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കണമെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ ഒന്നിച്ചുള്ള മുന്നേറ്റം വേണം.

മുന്‍ മന്ത്രി കെ.പി.വിശ്വനാഥന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായവും കോണ്‍ഗ്രസ് നേതൃത്വം ആരായുന്നുണ്ട്. എന്നാല്‍, ടി.എന്‍.പ്രതാപന്‍റെ വാക്കിനാകും മുന്‍ഗണന. വരുംദിവസങ്ങളില്‍ പാര്‍ട്ടി പ്രഖ്യാപിക്കുന്ന ഡി.സി.സി. പ്രിസഡന്റ് ആരാകുമെന്ന ആകാംക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.