മോദി വാക്കുതന്നതാണ്; പാലിക്കുമെന്ന് വിശ്വാസം; പ്രേമചന്ദ്രനോട് കടപ്പാട്: രാഹുല്‍ ഈശ്വര്‍

‘പ്രധാനമന്ത്രി നരേന്ദ്രമോദിയും ആർഎസ്എസ് നേതാക്കളും വാക്കുതന്നതാണ്. അവർ വാക്ക് പാലിക്കുമെന്നാണ് ഉറച്ച വിശ്വാസം. ബില്ലിനെ അവർ അനുകൂലിക്കണം. കേരളത്തിന്റെ ഇൗ രോഷം ഇത്ര പെട്ടെന്ന് തന്നെ പാർലമെന്റിലെത്തിച്ച പ്രേമചന്ദ്രൻ സാറിനോട് ഇൗ നാട്ടിലെ ഒാരോ വിശ്വാസിയും അത്രത്തോളം കടപ്പെട്ടിരിക്കുന്നു...’ ശബരിമല സമരകാലത്ത് ഏറെ വാര്‍ത്തയും വിവാദവും സൃഷ്ടിച്ച രാഹുൽ ഇൗശ്വർ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശം തടയാന്‍ പാര്‍ലമെന്റിൽ എന്‍.കെ. പ്രേമചന്ദ്രന്‍ സ്വകാര്യ ബില്ല് കൊണ്ടുവരുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം. 

‘എല്ലാ സ്വകാര്യബില്ലുകള്‍ക്കും ഉണ്ടാകുന്ന അവസ്ഥ ഈ ബില്ലിനും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. കാരണം ബിജെപി അടക്കമുള്ള പാർട്ടികൾ വിശ്വാസികൾക്കൊപ്പമാണെന്ന് ഇതിന് മുൻപ് പലകുറി വ്യക്തമാക്കിയതാണ്. മോദി ജി തന്നെ ഇത് തുറന്നു പറഞ്ഞിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് ഇൗ ബിൽ എത്തുന്നത്. ഇതിനെ പിന്തുണയ്ക്കാതെ അവർക്കും മറ്റ് മാർഗങ്ങളില്ല. ഒറ്റക്കെട്ടായി നിന്ന് ഇത് നേടിയെടുക്കണം. ഹർജി സുപ്രീംകോടിതിയുടെ പരിഗണനയിലാണെങ്കിലും കേരളത്തിന്റെ രോഷം പാർലമെന്റിൽ അറിയിക്കാൻ ഒരുമിച്ച് നിന്നാൽ ഇൗ ബില്ലിലൂടെ കഴിയും. ജെല്ലിക്കെട്ട് വിഷയത്തിൽ നടന്ന പോലെ ഒറ്റക്കെട്ടായി നിന്ന് കേരളത്തിന്റെ ഇൗ ആവശ്യം നേടിയെടുക്കണം. ഇടതുപക്ഷവും ഒരുമിച്ച് നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.’– രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ചരിത്രത്തിൽ തന്നെ അപൂർവമാണ് അഞ്ചംഗഭരണഘടനാ ബെഞ്ചിന്റെ വിധിയെ ബില്ലിലൂടെ മറികടക്കാൻ കഴിയുക ചരിത്രത്തിൽ തന്നെ അപൂർവമാണ്. കുറച്ച് ബുദ്ധിമുട്ടുകളും ഉണ്ടെന്നറിയാം. പക്ഷേ രണ്ടംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയായ ജെല്ലിക്കെട്ടിനെ ഒരുമിച്ച് നിന്ന് നമ്മൾ മറികടന്നിട്ടുണ്ട്. അതുപോലെ ഒരുമിച്ച് നിന്നാൽ ഇതു പുതിയ ചരിത്രമാകും. അതിനൊപ്പം ജനപ്രതിനിധികൾ തന്നെ ഇൗ ജനരോഷം സഭയിൽ ഉയർത്തുമ്പോൾ സുപ്രീംകോടതിയുടെ ശ്രദ്ധയിലേക്കും ഇക്കാര്യം എത്തും. അത് വിധിയെ പോസിറ്റീവായി മാറ്റും എന്നാണ് തോന്നുന്നത്– രാഹുൽ ഇൗശ്വർ പറഞ്ഞു.

ഒന്നിന് പിന്നാലെ ഒന്നായി നാല് സ്വകാര്യബില്ലുകള്‍ വെള്ളിയാഴ്ച്ച എന്‍.കെ പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്നുണ്ട്. ആദ്യത്തേത് ശബരിമല. പിന്നെ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, തൊഴിലാളികളുടെ ക്ഷേമം – ഇന്‍ഷൂറന്‍സ് തുടങ്ങിയവുമായി ബന്ധപ്പെട്ടതുമായ ബില്ലുകളാണ് മറ്റുള്ളവ. ഒരു സ്വകാര്യബില്‍ പാസാകുമോ എന്നത് കാത്തിരുന്നു കാണേണ്ട കാഴ്ചയാണ്. യുവതീപ്രവേശത്തെ തുറന്നെതിര്‍ക്കുന്ന ബിജെപിയെ വലയ്ക്കുന്നതാണ് ബില്‍. വിശ്വാസസംരക്ഷണത്തിന് ഭരണഘടനയുടെ വഴിതേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രഖ്യാപിച്ചിരുന്നു. ബിജെപി പ്രകടനപത്രികയിലും ശബരിമല ആചാരണ സംരക്ഷണം ഉള്‍പ്പെടുത്തിയിരുന്നു.