ക്വാറിയിൽ മണ്ണിടിച്ചിലിൽ മരണം; രേഖകൾ പരിശോധിക്കാൻ ഉത്തരവ്

quarry-landslide
SHARE

കോഴിക്കോട് ചെറുവാടിയിൽ അനധികൃത ചെങ്കൽ ക്വാറിയിൽ മണ്ണിനടയിൽപ്പെട്ട് രണ്ടാളുകൾ മരിച്ചതിന് പിന്നാലെ ജില്ലയിലെ മുഴുവൻ ക്വാറികളുടെയും രേഖകൾ പരിശോധിക്കാൻ കലക്ടറുടെ ഉത്തരവ്. അനുമതിയില്ലെന്ന് കണ്ടാൽ ഉടമൾക്കെതിരെ പിഴയും നിയമ നടപടിയും സ്വീകരിക്കും. പഴം പറമ്പിലെ ക്വാറി ഉടമ ഉൾപ്പെടെ ഒളിവിലുള്ള നാലു പേരെയും വേഗത്തിൽ പിടികൂടുന്നതിനും ജില്ലാ പൊലീസ് മേധാവിക്ക് കലക്ടർ നിർദ്ദേശം നൽകി. 

ചെറുവാടി പഴം പറമ്പിലെ ക്വാറിയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ പുൽപ്പറമ്പിൽ അബ്ദു റഹ്മാൻ, മലപ്പുറം ഒമാനൂർ സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. കല്ല് വെട്ടാൻ തുടങ്ങുന്നതിനിടെ മേൽ മണ്ണ് ശരീരത്തിലേക്ക് പതിച്ചായിരുന്നു അപകടം. വിലക്കിയിട്ടും ക്വാറി ഉടമ ഖനനം തുടർന്നുവെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. ജിയോളജി വകുപ്പിന്റേത് ഉൾപ്പെടെ യാതൊരു അനുമതിയുമില്ലാതെയായിരു ന്നു പ്രവർത്തനം. ഉദ്യോഗസ്ഥരുടെ ഒത്താശയാണ് ഖനനത്തിന് പിന്നിലെന്നായിരുന്നു നാട്ടുകാരുടെ പരാതി. 

ഈ സാഹചര്യത്തിലാണ് മുഴുവൻ ചെങ്കൽ ക്വാറികളുടെയും രേഖകൾ പരിശോധിക്കുന്നത്.  നിയമ ലംഘനം കണ്ടെത്തിയാൽ അനുമതി റദ്ദാക്കുന്നതിനൊപ്പം ഉടമയ്ക്കെതിരെ ക്രിമിനൽ കേസുൾപ്പെടെയുള്ള നടപടിയും സ്വീകരിക്കും. ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന ആരോപണം താൻ നേരിട്ട് പരിശോധിക്കുമെന്നും ജില്ലാ കലക്ടർ എസ്. സാംബശിവ റാവു അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപകടത്തിൽ  നാലുപേർക്കെതിരെയാണ് നരഹത്യയ്ക്ക് മുക്കം പൊലീസ് കേസെടുത്തിട്ടുള്ളത്. സ്ഥല ഉടമ അബ്ദുൽ സലാം, ക്വാറി നടത്തിപ്പുകാരായ ബഷീർ, അബൂബക്കർ, മുജീബ് എന്നിവർക്കെതിരെയാണ് കേസ്. നാലുപേരും ഒളിവിലാണ്.

MORE IN KERALA
SHOW MORE
Loading...
Loading...