കേരള യൂണിവേഴ്സിറ്റി വക ഇരുട്ടടി; പ്രവേശനദിവസം വലഞ്ഞ് വിദ്യാർത്ഥികൾ

വിദ്യാര്‍ഥിള്‍ക്ക് ഇരുട്ടടിയുമായി കേരള യൂണിവേഴ്സിറ്റി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഡിഗ്രി, പിജി വിഭാഗങ്ങളുടെ പ്രവേശനം ഒറ്റ ദിവസമാക്കിയതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും വലഞ്ഞു. രാത്രി പത്തുമണിയോടെയാണ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി വിദ്യാര്‍ഥികളടക്കം മടങ്ങിയത്.

പരീക്ഷകളില്‍ മികച്ച മാര്‍ക്ക് നേടിയെത്തിയ ഈ വിദ്യാര്‍ഥികളെ പ്രവേശനത്തില്‍ തോല്‍പ്പിച്ച് കേരള യൂണിവേഴ്സിറ്റി. കാസര്‍കോട്  നിന്നടക്കമെത്തിയ വിദ്യാര്‍ഥികളാണ് വലഞ്ഞത്. ഡിഗ്രിയുടെയും പിജിയുടെയും പ്രവേശനം ഒറ്റ ദിവസമാക്കിയതോടെ  വിദ്യാര്‍ഥികള്‍ കൂട്ടമായെത്തി. പലരും തിരിച്ചുപോകാനുള്ള ട്രയിന്‍ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു.

രാവിലെ ഡിഗ്രിക്കും ഉച്ചയ്ക്ക് ശേഷം പിജിയിലേക്കും പ്രവേശനം നടക്കുമെന്ന അറിയിപ്പിനെ തുടര്‍ന്നാണ് ഇവരെല്ലാം എത്തിയത്.  ഡിഗ്രി പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോഴേക്കും വൈകിട്ട് അഞ്ചുമണി. നീണ്ട കാത്തിരിപ്പിനു പിന്നാലെ പ്രവേശനം 22 വരെ നീട്ടിയതായി അറിയിപ്പ്. ചിലര്‍ മടങ്ങി. എന്നാല്‍ ചിലര്‍ രാത്രിയോളം കാത്തിരുന്നു. യൂണിവേഴ്സിറ്റിയുടെ കെടുകാര്യസ്ഥതയാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം.