തമ്മിലടിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരേസ്ഥലത്ത് നിയമനം; പൊലീസിന്റെ കൈവിട്ടകളി

തമ്മിലടിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരേസ്ഥലത്ത് നിയമനംനല്‍കി കൊച്ചി പൊലീസിന്റെ കൈവിട്ടകളി. മേലുദ്യോഗസ്ഥനുമായി തര്‍ക്കിച്ച് നാടുവിട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്.നവാസിനും,, വിഷയത്തില്‍ ആരോപണ വിധേയനായ അസിസ്റ്റന്റ് കമ്മിഷണര്‍ക്കുമാണ് മട്ടാഞ്ചേരിയില്‍ ഒരുമിച്ച് നിയമനം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ കേരളം ചർച്ച ചെയ്ത പൊലീസ് കഥയിലെ നായകനും വില്ലനും ഇവരാണ്. സർക്കിൾ ഇൻസ്പെക്ടർ വി.എസ്.നവാസ്, അസിറ്റ്ൻറ് കമ്മിഷണർ പി.എസ്.സുരേഷ്. 48 മണിക്കൂർ തിരോധാനത്തിന് ശേഷം തിരികെയെത്തിച്ച നവാസിനെ കമ്മിഷര്‍ കാണാന്‍ വിളിച്ചുവരുത്തിയതാണ്. ഒപ്പം സുരേഷിനെയും വരുത്തി. വ്യാഴം പുലർച്ചെ വയർലെസിലൂടെ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിന് ഒടുവിലാണ് നവാസ് നാടുവിട്ട് പോയത്. കമ്മിഷണറുടെ മുറിയിൽ അരമണിക്കൂർ ചിലവിട്ട് പുറത്തിറങ്ങുമ്പോള്‍ ഇരുവരും ഭായ്ഭായ്. 

ഇരുവരുടെയും തട്ടകം ഇനി മട്ടാഞ്ചേരി. സുരേഷ് എസിയും, തൊട്ടു കീഴിൽ നവാസ് സിഐയും. ഈ നിയമനം മുന്‍പെ തീരുമാനിച്ചതാണ്. എന്നാല്‍ തൊട്ടുപിന്നാലെ ഇരുവരും തമ്മിലുള്ള പ്രശ്നം വന്‍ പൊട്ടിത്തെറിയില്‍ എത്തുകയും നവാസ് നാടുവിടുകയും ചെയ്തതോടെ സിറ്റി പൊലീസിന്‍റെ മേധാവി അറിയിച്ചത് ഇങ്ങനെ. 

48 മണിക്കൂറിനുള്ളില്‍ ഈ നിലപാട് വിഴുങ്ങാന്‍ തക്കവിധം ഇരുവരുടെയും ബന്ധത്തില്‍ ഗുണകരമായ എന്ത് മാറ്റമുണ്ടായി? അതുകൊണ്ടാണ് ഈ നടപടിയെ പരീക്ഷണമെന്ന് വിളിക്കേണ്ടി വരുന്നത്. ബാക്കിയെല്ലാം കൊച്ചി നഗരവാസികളുടെ വിധിയെന്നും പറയേണ്ടിവരും.