ഞങ്ങൾ ജീവിക്കും, അന്തസോടെ, ആണായും പെണ്ണായും; തൃപ്തിയും ഹൃതിക്കും ഒന്നിച്ചു

tripthi-hrithik
SHARE

ഒരു വർഷം മുൻ‌പേ നമ്മൾ മാതൃകയായതാണ്, പൊതുബോധത്തെയും നടപ്പുശീലങ്ങളെയും കീഴ്മേൽ മറിച്ചുകൊണ്ട്. ട്രാന്‍സ്ജെൻഡർ വിവാഹം നിയമവിധേയമാക്കിയതിനു പിന്നാലെ അന്ന് ഇഷാൻ സൂര്യയുടെ കഴുത്തിൽ മിന്നു ചാര്‍ത്തി, കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ വിവാഹം. ഒരു വര്‍ഷത്തിനിപ്പുറം നമ്മൾ വീണ്ടും മാതൃകയായി. ഇവിടെ താരങ്ങൾ തൃപ്തിയും ഹൃതിക്കും. കേരത്തിലെ രണ്ടാമത്തെ ട്രാന്‍സ്ജെന്‍ഡർ ദമ്പതികൾ.

''ഈ ലോകത്ത് എല്ലാം തികഞ്ഞ എത്ര പേരുണ്ട്? ദൈവം എന്തെങ്കിലും പരിമിതികൾ ഉള്ള ആരെങ്കിലുമൊക്കെ കാണില്ലേ. അതു കൊണ്ട് എന്റെ കുറവിനെ അവനും അവന്റെ കുറവിനെ ഞാനും അങ്ങ് പൊരുത്തപ്പെട്ടു. ഇനി അവനുണ്ടാകും എനിക്കൊപ്പം... എന്നെ മനസിലാക്കി...എനിക്ക് കൂട്ടായി...എന്റെ നല്ലപാതിയായി'', വനിതക്ക് അനുവദിച്ച അഭിമുഖത്തിൽ തൃപ്തി പറഞ്ഞു. 

പുതുപ്പെണ്ണായി തൃപ്തിയും നവവരനായി ഹൃതിക്കും എത്തിയപ്പോൾ നോക്കിനിന്നു പലരും, മനസും നിറഞ്ഞു. രണ്ട് ഹൃദയങ്ങളുടെ കൂടിച്ചേരലാണിതെന്ന് ഒറ്റവാക്കിൽ തൃപ്തി വിശേഷിപ്പിക്കും. 

കൊച്ചിയിലെ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്, ശേഷം സ്വകാര്യ ഹോട്ടലിൽ വെച്ച് വിവാഹ സത്കാരം. 

''കൊച്ചിയിൽ എന്റെ കരകൗശല വസ്തുക്കളുടെ പ്രദർശനം നടക്കുന്നതിനിടയിലാണ് ഹൃതിക്കിനെ പരിചയപ്പെടുന്നത്. പുള്ളിക്കാരനാണ് പ്രണയം ആദ്യം തുറന്നു പറഞ്ഞത്. സത്യം പറയാല്ലോ അന്നേരം പ്രണയം, വിവാഹം എന്നിങ്ങനെ ഒരു ഐഡിയയും മനസിൽ ഇല്ലായിരുന്നു. സ്നേഹത്തോടെ തന്നെ ആ പ്രണയാഭ്യാർത്ഥന വേണ്ടെന്നു വച്ചു.  സംരംഭക എന്ന നിലയിൽ വേരുറപ്പിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷേ ഒരു കൂട്ടില്ലാതെ ബിസിനസ് മാത്രം തലയിലേറ്റി എത്രകാലം പോകും എന്ന ചിന്ത വന്നു. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം ഒത്തിരി നിർബന്ധിച്ചു. വിവാഹിതയാകാൻ തീരുമാനിക്കുന്നത് അങ്ങനെയാണ്. ഒന്നും ആലോചിച്ചില്ല കണ്ണുംപൂട്ടി ഹൃതികിന്റെ പ്രണയം ഞാൻ സ്വീകരിച്ചു'', തൃപ്തി ആ പ്രണയകാലമോർക്കുന്നു. 

''ഈ നാട്ടിൽ അന്തസോടെ തന്നെ ജീവിക്കും. തങ്ങളെ അച്ഛനെന്നും അമ്മയെന്നും വിളിക്കാൻ രണ്ട് കുട്ടികളെ ദത്തെടുക്കും'', തൃപ്തിയുടെ വാക്കുകളിൽ ദൃഢനിശ്ചയം.

MORE IN KERALA
SHOW MORE
Loading...
Loading...