പ്രതിയുടെ ഭാര്യയെ നടുറോഡിൽ കാൽമുട്ട് കൊണ്ട് തൊഴിച്ച് പൊലീസ്; തെളിവായി ദൃശ്യങ്ങൾ

culprit-wife
SHARE

പൊലീസ് സ്റ്റേഷനിൽ നിന്നും  ഇറങ്ങി ഓടിയ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതിയുടെ ഭാര്യയെ മർദിച്ചുവെന്ന സംഭവത്തോടനുബന്ധിച്ച് 2 പൊലീസുകാർക്ക് സസ്പെൻഷൻ. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ എസ്‌സിപിഒ: സൈമൺ, സിപിഒ: ഗോപിനാഥ് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ്കുമാർ ഗുരുഡിൻ സസ്പെൻഡു ചെയ്തത്. ഞായറാഴ്ചത്തെ സംഭവം സംബന്ധിച്ച ദൃശ്യങ്ങൾ ഇന്നലെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദമായത്.

അതിനിടെ പൊലീസ് മർദനത്തെത്തുടർന്നുള്ള  അസ്വസ്ഥതയെത്തുടർന്ന്  പ്രതിയുടെ ഭാര്യ ആതിര(18)യെ ജനറൽ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ആർ.പ്രതാപചന്ദ്രൻ നായർ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.

ഞായറാഴ്ച വൈകിട്ട് അഞ്ചിന് തിരുവല്ലം സ്റ്റുഡിയോ ജംക്‌ഷനിലായിരുന്നു സംഭവം. അയൽവാസിയായ സ്ത്രീയെ ഉപദ്രവിച്ച കേസിൽ തിരുവല്ലം പൊലീസ് പിടികൂടിയ  അനീഷ് എന്ന ആളിനെ കാലിൽ ചവിട്ടുന്നത് തടയാൻ ശ്രമിച്ച ഭാര്യയെ കാൽമുട്ടു കൊണ്ടു തൊഴിച്ചു.  ദ്യശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. 

പൊതു സ്ഥലത്ത് വച്ച് സ്ത്രീയോട് മോശമായി പെരുമാറിയ പൊലീസുകാരനെ നടപടി വേണമെന്നാണ് റിപ്പോർട്ട് നൽകിയതെന്നു എസി അറിയിച്ചു. അനീഷിനെതിരെ സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടതിനും സ്ത്രീകളെ ഉപദ്രവിച്ചതിനും കേസെടുത്തതായി ഫോർട്ട് എസി പറഞ്ഞു. ഇയാൾക്കെതിരെ നേരത്തെ നേമം പൊലീസ് സ്റ്റേഷനിൽ സ്ത്രീയെ ഉപദ്രവിച്ചതിന് പട്ടിക ജാതി നിയമപ്രകാരം കേസ് ഉണ്ടായിരുന്നതായും എസി പറഞ്ഞു.

തിരുവല്ലം പാച്ചല്ലൂർ വില്ലംചിറ സ്വദേശി അനീഷ്(25)നെ ഞായറാഴ്ച വൈകിട്ടാണ് തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തത്. അയൽപക്കത്തെ വീട്ടിലെ സ്ത്രീയെയും കുട്ടികളെയും ആക്രമിച്ചുവെന്നായിരുന്നു പരാതി. ഇതിന് പിന്നാലെ ഇയാളുടെ അമ്മയും ഭാര്യയും പൊലീസ്‌ സ്റ്റേഷനിലെത്തിയിരുന്നു. എസ്ഐ അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥർ പുറത്തേക്ക് പോയ സമയത്ത് അനീഷ് പാറാവുകാരനെ തള്ളി മാറ്റി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

പിന്നാലെ ഓടിയെത്തിയ പാറാവുകാരനും എച്ച്.സിയും ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾ ഓടാതിരിക്കാനാണ് കാലിൽ ചവിട്ടിപ്പിടിച്ചതെന്നാണ് പൊലീസിന്റെ ഭാഷ്യം. സ്റ്റുഡിയോ ജംക്‌ഷനിൽ വച്ച് റോഡിൽ കിടക്കുന്ന അനീഷിന്റെ കാലിൽ പൊലീസുകാരൻ ചവിട്ടുന്നുണ്ട്. ഇത് തടയാൻ ശ്രമിച്ച യുവതിയെ ഇടിച്ച് തെറിപ്പിച്ച ശേഷം വീണ്ടും പ്രതിയെ ചവിട്ടുന്ന ദൃശ്യങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ  പ്രചരിച്ചത്.  

MORE IN KERALA
SHOW MORE