'എന്തിലും വർഗീയത; ഇന്ത്യയുടെ പോക്ക് ഭയപ്പെടുത്തുന്നു': യുവാവിന്റെ കുറിപ്പ്

sabarimala3
SHARE

കുറച്ചുനാളുകളായി രാജ്യത്തെ ജനങ്ങൾ പ്രത്യേകിച്ച് മലയാളികൾ എന്തുവിഷയം പറഞ്ഞാലും അതിൽ മതവും വർഗീയതയും കലർത്താറുണ്ട്. ജനങ്ങളെ വർ‌ഗീയവൽക്കരിക്കുന്നതിനെ ശക്തമായ ഭാഷയിൽ വിമർശിക്കുകയാണ് സന്ദീപ് ദാസ് എന്നയുവാവ്. 15 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻരക്ഷിക്കാൻ സംസ്ഥാനമൊന്നാകെ ശ്രമിച്ചപ്പോൾ ചിലർ അതിൽ മതം കലർത്തി.

ഒരുപാട് മനുഷ്യരുടെ ജീവനെടുത്ത തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ തൂശ്ശൂർ പൂരത്തിൻ്റെ വിളംബരത്തിന് എഴുന്നള്ളിക്കരുത് എന്ന് കലക്ടർ അനുപമ ഉത്തരവിട്ടപ്പോൾ ക്രിസ്തുമത വിശ്വാസിയായ ക്ലിൻസൺ പോളിൻ്റെ ഭാര്യയായ അനുപമ, ഹിന്ദുക്കളെ ദ്രോഹിക്കുന്നതിനുവേണ്ടി കൈക്കൊണ്ട തീരുമാനമായിട്ടാണ് അത് വ്യാഖ്യാനിക്കപ്പെട്ടത്. 

തൃശ്ശൂർ പൂരത്തിന് പോയപ്പോൾ ഉണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ റിമ കല്ലിങ്കലിനെയും ഇത്തരക്കാർ വെറുതെവിട്ടില്ല. 'ആഷിഖ് അബുവിൻ്റെ ഭാര്യ' ആയ റിമ, ഹൈന്ദവ ഉത്സവമായ പൂരം തകർക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ചിലരുടെ കണ്ടെത്തൽ! ഇത്തരം വർഗീയ ശ്രമങ്ങളെ ചെറുക്കേണ്ടകാലം അതിക്രമിച്ചു എന്നുപറയുകയാണ് സന്ദീപ് ദാസ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

ക്രിസ്ത്യാനികളും മുസ്ലീങ്ങളും സ്വന്തം മതത്തിൻ്റെ കാര്യം വരുമ്പോൾ ഒറ്റക്കെട്ടാണ്.എന്നാൽ ഹിന്ദുക്കൾ അതുപോലെ സംഘടിതരല്ല.ഇവരെല്ലാം കൂടി ഹിന്ദുക്കളെ അടിച്ചമർത്താൻ തുടങ്ങിയിട്ട് കുറേ നാളുകളായി.ഹിന്ദു ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....''

മുകളിൽപ്പറഞ്ഞ വരികൾ നമുക്ക് സുപരിചിതമാണ്.ഈ സമൂഹത്തിലെ ഒരു വിഭാഗം ആളുകൾ കാലാകാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണത്.ആ വിലാപത്തിൻ്റെ തോത് ദിവസം ചെല്ലുംതോറും വർദ്ധിച്ചുവരികയാണ്.അതുപോലുള്ള പ്രചരണങ്ങളിൽ വീണുപോകുന്ന നിഷ്കളങ്കരുടെ എണ്ണവും കൂടിവരുന്നു.

ഏറ്റവും പുതിയ ചില ഉദാഹരണങ്ങൾ പറയാം.15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ ഒരു ആംബുലൻസ് നമ്മുടെ നിരത്തുകളിലൂടെ ചീറിപ്പാഞ്ഞത് മറന്നിട്ടില്ലല്ലോ.കേരളം മുഴുവൻ ആ പിഞ്ചുകുഞ്ഞിനെ മനസ്സുകൊണ്ട് ചേർത്തുപിടിച്ചപ്പോൾ ഒരാൾ വേറിട്ട രീതിയിൽ ചിന്തിച്ചു.ഒന്നുമറിയാത്ത ആ കുരുന്നിനെ 'ജിഹാദിയുടെ വിത്ത് ' എന്ന് വിശേഷിപ്പിച്ചു !

ഇതുപോലെ വിഷമയമായ മനസ്സുള്ളവർ കേരളത്തിൽ ധാരാളമുണ്ട്.സാഹചര്യങ്ങൾ വേണ്ടത്ര അനുകൂലമല്ലാത്തതുകൊണ്ട് പലപ്പോഴും തനിനിറം പുറത്തുവരുന്നില്ലെന്നുമാത്രം !

ഒരുപാട് മനുഷ്യരുടെ ജീവനെടുത്ത തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ തൂശ്ശൂർ പൂരത്തിൻ്റെ വിളംബരത്തിന് എഴുന്നള്ളിക്കരുത് എന്ന് കലക്ടർ അനുപമ ഉത്തരവിട്ടത് ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി മാത്രമാണ്.എന്നാൽ ക്രിസ്തുമത വിശ്വാസിയായ ക്ലിൻസൺ പോളിൻ്റെ ഭാര്യയായ അനുപമ, ഹിന്ദുക്കളെ ദ്രോഹിക്കുന്നതിനുവേണ്ടി കൈക്കൊണ്ട തീരുമാനമായിട്ടാണ് അത് വ്യാഖ്യാനിക്കപ്പെട്ടത് !

തൃശ്ശൂർ പൂരത്തിന് പോയപ്പോൾ ഉണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ റിമ കല്ലിങ്കലിനെയും ഇത്തരക്കാർ വെറുതെവിട്ടില്ല.ആൾക്കൂട്ടത്തിൽ പെട്ടുപോവുന്ന സ്ത്രീകൾ പൊതുവായി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് റിമ പറഞ്ഞത്.എന്നാൽ 'ആഷിഖ് അബുവിൻ്റെ ഭാര്യ' ആയ റിമ, ഹൈന്ദവ ഉത്സവമായ പൂരം തകർക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ചിലരുടെ കണ്ടെത്തൽ !

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.ജാതിമതഭേദമെന്യേ ആളുകൾ പങ്കെടുക്കുന്ന ഒരു ഫെസ്റ്റിവലിനാണ് ഇങ്ങനെയൊരു നിറം നൽകുന്നത് !

ബ്രസീലും സൗദി അറേബ്യയും തമ്മിൽ ഫുട്ബോൾ മത്സരം വന്നാൽ,മലപ്പുറം ജില്ലയിലുള്ളവർ മതപരമായ കാരണങ്ങളാൽ സൗദിയെ പിന്തുണയ്ക്കുമെന്ന് ധ്വനിപ്പിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത് ഒാൾ ഇന്ത്യാ റേഡിയോയിൽ ജോലി ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് ! അതിർത്തിയിൽ ഭീകരാക്രമണമുണ്ടാവുമ്പോഴെല്ലാം ഇൗ നാട്ടിലെ മുസൽമാൻ്റെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടും.

സാക്ഷരതയുടെയും ഉന്നത വിദ്യാഭ്യാസത്തിൻ്റെയും പേരിൽ അഭിമാനംകൊള്ളുന്ന കേരളത്തിൻ്റെ അവസ്ഥ ഇതാണെങ്കിൽ,മറ്റു സംസ്ഥാനങ്ങളിലെ കാര്യം ഊഹിക്കാമല്ലോ.ഇന്ത്യയുടെ പോക്ക് ശരിക്കും ഭയപ്പെടുത്തുന്നു.

കുറച്ചുദിവസങ്ങൾക്കുമുമ്പ് ഒരു ബാങ്ക് ജീവനക്കാരൻ, ഇന്ത്യയിലുള്ള മുസ്ലീങ്ങളെ മുഴുവൻ പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്ന് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്തു ! അയാൾക്കെതിരെ നടപടിയെടുക്കാൻ ബാങ്ക് തീരുമാനിക്കുകയും ചെയ്തു.എന്നാൽ ആ ജീവനക്കാരനെ തൊട്ടുപോയാൽ ബാങ്കിലുള്ള നിക്ഷേപങ്ങൾ മുഴുവൻ കൂട്ടത്തോടെ പിൻവലിക്കുമെന്ന് കസ്റ്റമേഴ്സ് ഒന്നടങ്കം ഭീഷണി മുഴക്കി ! ഇതാണ് നമ്മുടെ ഇന്ത്യ ! ദേശസ്നേഹമെന്നാൽ വർഗീയവാദമാണെന്ന ബോധം ഇവിടെ വല്ലാതെ വേരുറച്ചുപോയിരിക്കുന്നു !

ഈ അസഹിഷ്ണുതയുടെ ചൂട് ബോളിവുഡ് സൂപ്പർതാരങ്ങളായ ആമിർ ഖാനും ഷാറൂഖ് ഖാനും വരെ അനുഭവിച്ചറിഞ്ഞതാണ്.ഒരുപാട് പ്രിവിലേജുകൾ ആസ്വദിക്കുന്ന സെലിബ്രിറ്റികൾക്കുപോലും മാതൃരാജ്യത്ത് കംഫർട്ടബിളായി ജീവിക്കാനാവുന്നില്ലെങ്കിൽ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ!?

എല്ലാം മാറുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു.പക്ഷേ ഒന്നും മാറിയില്ല.മനുഷ്യനേക്കാൾ മതങ്ങളെ സ്നേഹിക്കുന്നവരെയാണ് ഇന്ത്യൻ ജനതയ്ക്ക് വേണ്ടത് എന്ന കാര്യം നമുക്കെല്ലാവർക്കും ബോദ്ധ്യമായി.

കുട്ടിക്കാലത്ത് രാമായണവും മഹാഭാരതവുമൊക്കെ ആവേശത്തോടെ വായിച്ചിട്ടുണ്ട്.ഇപ്പോഴും വീട്ടിലെ ഷെൽഫിൽ വെടിപ്പോടെ സൂക്ഷിച്ചിട്ടുമുണ്ട്.ഇന്ത്യ ജന്മം നൽകിയ മഹത്തായ ഇതിഹാസങ്ങളെയും പുരാണങ്ങളെയുമൊക്കെ സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത് കാണുമ്പോൾ പുച്ഛം മാത്രമേ തോന്നിയിട്ടുള്ളൂ.

ഇക്കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ തൊഴിലില്ലായ്മ ഭീകരമായി വർദ്ധിച്ചിരുന്നു.മുകേഷ് അംബാനിമാരും ഗൗതം അദാനിമാരും വളർച്ചയുടെ പടവുകൾ ചവിട്ടിക്കയറിയപ്പോൾ പതിനായിരക്കണക്കിന് കർഷകർ ജീവനൊടുക്കി.വയലുകളിൽ പണിയെടുക്കുന്നവരുടെ ചോര പൊടിഞ്ഞു ! ഇതൊന്നും ആർക്കും വിഷയമായില്ല.മനുഷ്യർ ദൈവത്തെ സംരക്ഷിക്കുന്നതിൽ വ്യാപൃതരായി !

ഇഷ്ടമുള്ള ഭക്ഷണം കഴിച്ചാൽ വെട്ടിമലർത്തും ! അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചാൽ വീടിൻ്റെ ഉമ്മറത്തിരുന്ന് പത്രം വായിക്കുമ്പോൾ നെറ്റിയിൽ വെടിയുണ്ട തറച്ചുകയറും ! മുസ്ലിം നാമധാരിയായ പെൺകുട്ടിയെ അമ്പലത്തിനുള്ളിൽ വെച്ച് ദിവസങ്ങളോളം റേപ്പ് ചെയ്യും ! ഇതുവരെ കണ്ടതെല്ലാം സൂചനകൾ മാത്രം.അസഹിഷ്ണുതയുടെ പുതിയ തലങ്ങൾ നാം കാണാനിരിക്കുന്നതേയുള്ളൂ!

ദളിത് വിരുദ്ധതയും മുസ്ലിം വിരുദ്ധതയുമൊക്കെ മുഖമുദ്രയാക്കിയ മനുഷ്യർക്കുവേണ്ടി ചില ദളിതരും മുസ്ലീങ്ങളുമൊക്കെ വിസിലടിക്കുന്നത് കാണുമ്പോഴുണ്ടാകുന്ന മനഃപ്രയാസം പറഞ്ഞറിയിക്കാനാവില്ല.സാഗരത്തെ മൺചിറ കൊണ്ട് പ്രതിരോധിച്ചുനിർത്താൻ ശ്രമിക്കുമ്പോൾ പിന്നിൽ നിന്നുള്ള കുത്ത് അസഹനീയം തന്നെ !

അവസാനമായി ഒരു ചോദ്യമുണ്ട്.ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചത് തെറ്റായിപ്പോയോ? ഒരിക്കലുമില്ല എന്നാണ് ഉത്തരം.അതായിരുന്നു ശരി.അതുമാത്രമായിരുന്നു ശരി.

ഒരുപാട് നവോത്ഥാനങ്ങൾ കണ്ട മണ്ണാണ് കേരളത്തിൻ്റേത്.അമ്പലത്തിൽ കയറാനുള്ള അവകാശം പിന്നോക്കവിഭാഗക്കാർ പൊരുതിനേടിയതുതന്നെയാണ്.അക്കാലത്ത് അതും കടുത്ത ആചാരലംഘനമായിരുന്നു.അടിച്ചമർത്തപ്പെട്ടവരുടെ ക്ഷേത്രപ്രവേശനത്തെ എതിർത്ത 'ആചാരസംരക്ഷകരുടെ' കൊച്ചുമക്കൾക്ക് ആ വീരകഥകൾ പാഠപുസ്തകങ്ങളിൽ നിന്ന് പഠിക്കേണ്ടിവന്നില്ലേ?

ശബരിമലയും അതുപോലെയാണ്.അവിടത്തെ പ്രശ്നങ്ങൾ താത്കാലികം മാത്രമാണ്.സ്ത്രീകളെ പടിയ്ക്കുപുറത്തുനിർത്തിയിരുന്ന ഏർപ്പാട് ഒരു ദുരാചാരമായിരുന്നു എന്ന് വരുംതലമുറ പറയും.ആചാരസംരക്ഷകർക്കൊപ്പം കൂടിയാൽ നിങ്ങൾക്ക് കേവലവിജയങ്ങളുണ്ടായേക്കാം.പക്ഷേ മനുഷ്യത്വവും സമത്വവും മാത്രമേ ആത്യന്തികമായി വിജയിക്കുകയുള്ളൂ.

സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവരുടെ പക്ഷത്ത് തന്നെയാണ് ന്യായം.ചരിത്രം അവരെ ഒറ്റുകാരെന്ന് വിളിക്കുകയില്ല !

പ്രതീക്ഷകൾ ഇപ്പോഴും പൂർണ്ണമായും കെട്ടടങ്ങിയിട്ടില്ല.മനുഷ്യത്വമുള്ളവർ ഒന്നിച്ചുനിന്നാൽ ഒരു പ്രതിരോധം സാദ്ധ്യമാണെന്ന് തന്നെ കരുതുന്നു.പക്ഷേ അതിന് ഭഗീരഥപ്രയത്നങ്ങൾ തന്നെ വേണ്ടിവരും.നമ്മുടെ ഉത്തരവാദിത്വങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നു....

MORE IN KERALA
SHOW MORE