കുറ്റ്യാടിയിലേക്ക് നീരൊഴുക്കില്ല; കോഴിക്കോട് ജലവിതരണം പ്രതിസന്ധിയിലായേക്കും

kuttyadi-dam
SHARE

കുറ്റ്യാടി ജലസേചന പദ്ധതിയിലേക്കുള്ള നീരൊഴുക്കില്‍‍ കാര്യമായ കുറവ്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങള്‍ വരണ്ടുണങ്ങിയ അവസ്ഥയിലാണ്. സ്ഥിതി തുടര്‍ന്നാല്‍ കോഴിക്കോട് ജില്ലയിലെ വിവിധ മേഖലയിലേക്കുള്ള ജലവിതരണം പ്രതിസന്ധിയിലാകും. 

ജലനിരപ്പ് കുറഞ്ഞതിനാല്‍ കനാലിലേക്ക് തുറന്നുവിടുന്ന വെള്ളത്തിന് നിയന്ത്രണമുണ്ട്. ഇരുപതിലധികം കുടിവെള്ള പദ്ധതികളാണ് കുറ്റ്യാടി ഡാമിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നത്. സ്ഥിതി തുടര്‍ന്നാല്‍ കടുത്ത വേനലില്‍ ആവളപ്പാണ്ടിയുള്‍പ്പെടെയുള്ള കൃഷിയിടങ്ങളിലെ പച്ചപ്പും അപ്രത്യക്ഷമാകും. കിണറുകളിലെ ജലലഭ്യതയും കുറയും. കോഴിക്കോട് നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയും മുടങ്ങും. കക്കയം ഡാമിലെ നീരൊഴുക്ക് കുറവായതിനാല്‍ അധികജലം പെരുവണ്ണാമൂഴി റിസര്‍വോയറിലേക്ക് ഒഴുക്കിവിടാനാകുന്നില്ല. മഴയില്ലാത്തത് കാരണം കക്കയത്തെ സുലഭമാക്കിയിരുന്ന ബാണാസുരയില്‍ നിന്നും വെള്ളമെത്തിക്കാനാകുന്നില്ല. 

നിരവധി കുടുംബങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ കാരണക്കാരായ ചക്കിട്ടപ്പാറക്കാര്‍ക്ക് ഇപ്പോള്‍ വെള്ളം കിട്ടാത്ത അവസ്ഥയാണുള്ളത്. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കും. ഡാമില്‍ വെള്ളമില്ലാത്തതിനൊപ്പം ഉദ്യോഗസ്ഥരുടെ അലംഭാവവും കൂടിയാകുമ്പോള്‍ പ്രതിസന്ധി വല്ലാതെ കൂടുന്ന അവസ്ഥയെത്തും 

ചക്കിട്ടപ്പാറ, മുതുകാട്, പൂഴിത്തോട് മേഖലയില്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. ചെറിയ നിയന്ത്രണം പൂര്‍ണതോതിലായാല്‍ പ്രതിസന്ധി ഇരട്ടിയാകും. കൈത്തോടുകളുള്‍പ്പെടെ നീരൊഴുക്ക് നിലച്ച അവസ്ഥയായതിനാല്‍ പ്രതിസന്ധി മറികടക്കാന്‍ മഴ കനക്കുക തന്നെ വേണം. അടുത്തമാസം ആദ്യവാരത്തോടെ നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കാനാകുമെന്നാണ് ജല അതോറിറ്റിയുടെ പ്രതീക്ഷ.

MORE IN KERALA
SHOW MORE