ഏഴുവയസുകാരന്റെ മൂക്കിന് പകരം വയറ്റില്‍ ശസ്ത്രക്രീയ; ഡോക്ടര്‍ക്ക് സസ്പെന്‍ഷന്

MANJERI-MEDICAL-COLLEGE-DR-SUSPENSION
SHARE

മഞ്ചേരി മെഡിക്കൽ കോളജിൽ ഏഴുവയസുകാരന് മൂക്കിന് പകരം വയറ്റില്‍ ശസ്ത്രക്രീയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. കുട്ടിക്ക് സൗജന്യ വിദഗ്ധ ചികില്‍സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. യുവജന സംഘടനകള്‍ മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ചു നടത്തി.

മൂക്കിനും തൊണ്ടക്കും രോഗവുമായെത്തിയ കരുവാരകുണ്ട് കേരളാംകുണ്ട് സ്വദേശി മജീദ്. ജഹാന ദമ്പതികളുടെ മകൻ ഏഴുവയസുകാരൻ മുഹമ്മദ് ദാനിഷിനെ ഹെർണിയ ശസ്ത്രക്രീയക്ക് വിധേയനാക്കിയ സംഭവത്തിലാണ് നടപടി. സര്‍ജന്‍ ഡോ. സുരേഷ് കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.

വീഴ്ച വരുത്തിയ മറ്റു ജീവനക്കാരുടെ പങ്ക് അന്വേഷിക്കാന്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ആളുമാറി ശസ്ത്രക്രീയക്ക് വിധേയനായ മുഹമ്മദ് ദാനിഷിനെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പലവട്ടം പരാതി അറിയിച്ചിട്ടും മെഡിക്കല്‍ കോളജ് സൂപ്രണ്ടും ഉത്തരവാദിത്തപ്പെട്ടവരും കുട്ടിയെ നേരില്‍ കാണാനോ അന്വേഷിക്കാനോ തയാറായില്ലെന്നും പിതാവ് പറഞ്ഞു.

മൂത്രസഞ്ചിക്ക് ചികിൽസ തേടിയെത്തിയ മണ്ണാർക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകൻ ആറര വയസുകാരൻ ധനുഷിന്റെ പേരുമായുളള സാമ്യമാണ് ദാനിഷിന് ആളുമാറി ശസ്ത്രക്രീയ നടത്താന്‍ കാരണമായതെന്നാണ് വിശദീകരണം. വിഷയത്തില്‍ സ്വമേധയ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ ഒാപ്പറേഷന്‍ തീയേറ്ററിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരുടേയും വീഴ്ച പരിശോധിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അനുകൂല യുവജന സംഘടനകളും എ.ഐ.വൈ.എഫും മെഡിക്കല്‍ കോളജില്‍ പ്രതിഷേധവുമായെത്തി.

MORE IN KERALA
SHOW MORE