ആശിച്ചു പണിത വീട്ടിൽ ഇനി രജീഷില്ല; ജീവനെടുത്ത് അപകടം: കണ്ണീർ

rajeesh-accident
SHARE

ആശിച്ചു പണിത സ്വപ്ന ഭവനത്തിൽ താമസിച്ച് കൊതിതീരും മുൻപേ സ്വപ്നങ്ങൾ ബാക്കിയാക്കി രജീഷ് (28) മടങ്ങി. പാലക്കാട് കാടാങ്കോട്ട് നിർത്തിയിട്ട ട്രാക്ടറിനു പിന്നിൽ ബൈക്കിടിച്ചായിരുന്നു മരണം. രാവിലെ 9.10നാണ് അപകടം. വീട്ടിൽ നിന്നു മുടപ്പല്ലൂരിലെ കടയിലേക്കു ജോലിക്കു പോകുമ്പോഴാണു സംഭവം.

അഞ്ചു മാസം മുൻപാണു പുതുശ്ശേരി വില്ലേജ് ഓഫിസിനു സമീപം തെക്കേത്തറയിൽ രജീഷ് തന്റെ സ്വപ്ന ഭവനത്തിന്റെ പണി പൂർത്തിയാക്കിയത്. ‌പ്രളയവും സാമ്പത്തിക പ്രതിസന്ധിയും കാരണം വീടിന്റെ നിർമാണം വൈകിയെങ്കിലും എല്ലാം തരണം ചെയ്ത് കഴിഞ്ഞ ഡിസംബർ 30നാണു ആശിച്ചു പണിത വീടിൽ ഗൃഹപ്രവേശം നടത്തിയത്. ജിവിതം പച്ചപിടിപ്പിക്കാനുള്ള നെട്ടോട്ടത്തിൽ ഇതിനോടകം ഒട്ടേറെ ജോലികളും രജീഷ് ചെയ്തു. 

സ്ക്രാപ്പിന്റെ വിൽപനയും സ്വന്തമായി കച്ചവടവും നടത്തിയിരുന്നു. പിന്നീടു കഞ്ചിക്കോട്ടെ ഇരുമ്പുരുക്ക്  കമ്പനിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവായി ജോലി ചെയ്തു.  മാസങ്ങൾക്കു മുൻപാണു മുടപ്പല്ലൂരിൽ ഹാർഡ് വെയർ ഷോപ്പിൽ കംപ്യൂട്ടർ മെക്കാനിക്കായി ജോലിയിൽ പ്രവേശിച്ചത്. ഈ ജോലി സ്ഥിരമാക്കിയതോടെ സ്വന്തമായി വീടും പണിതു. 

സാമ്പത്തിക ബാധ്യതയുണ്ടായിരുന്നെങ്കിലും എല്ലാ ഒരു വിധത്തിൽ തീർത്തുവരികയായിരുന്നു. സിപിഎം പുതുശ്ശേരി മുൻ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗവുമായിരുന്ന രജീഷ് നാട്ടുകാർക്കിടയിലും പ്രിയങ്കരനായിരുന്നു. നാട്ടിലെ എല്ലാ വിഷയങ്ങളിലും നേരിട്ട് ഇടപ്പെടാനും പങ്കുചേരാനും ശ്രമിച്ചിരുന്നു. പ്രയാസങ്ങൾ തരണം ചെയ്തു മുന്നേറുന്നതിനിടെയാണ് രജീഷിനെ മരണം കവരുന്നത്. ഇന്നലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയായായിരുന്നു മരണത്തിനിടയാക്കിയ അപകടം.

സമീപവാസികൾ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡിൽ നിർത്തിയിട്ട ട്രാക്ടർ അപകടത്തിനു വഴി വച്ചെന്നു പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട ബൈക്ക് ട്രാക്ടറിന്റെ പുറകിലിടിക്കുകയായിരുന്നു. 

തെറിച്ചു വീണ രജീഷിനു തലയ്ക്കാണു പരുക്കേറ്റത്. എസ്എഫ്ഐ പുതുശ്ശേരി മുൻ ഏരിയ സെക്രട്ടറിയും ഡിവൈഎഫ്‌ഐ പുതുശ്ശേരി മേഖലാ കമ്മിറ്റി അംഗവുമായിരുന്നു രജീഷ്. അമ്മ: രാജേശ്വരി. ഭാര്യ: ലതിക. മക്കൾ: നിരഞ്ജൻ, അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞുമുണ്ട്. സംസ്കാരം നടത്തി. ട്രാക്ടർ ഡ്രൈവർക്കെതിരെ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു.

MORE IN KERALA
SHOW MORE