ആഗ്രഹസഫലീകരണത്തിന് മണി കെട്ടി കുമ്മനം; എക്സിറ്റ്പോളിലും വിശ്വാസം; കുറിപ്പ്

kummanam-temple-kollam
SHARE

എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവന്നതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി. കേന്ദ്രത്തിൽ വീണ്ടും നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തുമെന്നും വമ്പിച്ച ഭൂരിപക്ഷം ലഭിക്കുമെന്നുമാണ് പുറത്തുവന്ന എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചത്. ഇക്കൂട്ടത്തിൽ കേരളത്തിലും ബിജെപിക്ക് പ്രതീക്ഷകളേറെയാണ്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന പ്രവചനം ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കിയിട്ടുണ്ട്. മനോരമ ന്യൂസ് കാർവി എക്സിറ്റ്പോൾ ഫലത്തിൽ തിരുവനന്തപുരത്ത് ഫോട്ടോഫിനിഷാണ് പ്രവചിച്ചിരിക്കുന്നതെങ്കിലും നേരിയ മുൻതൂക്കം കുമ്മനം രാജശേഖരനായിരുന്നു. എക്സിറ്റ്പോളുകളിൽ ആത്മവിശ്വാസം ഉറപ്പിച്ച കുമ്മനം ക്ഷേത്ര ദർശനത്തിന്റെ തിരക്കിലാണ്.

കൊല്ലം ജില്ലയിലെ പ്രസിദ്ധമായ കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിലെത്തി അദ്ദേഹം ദർശനം നടത്തി. ഇവിടുത്തെ പ്രസിദ്ധമായ മണിക്കെട്ട് ചടങ്ങും അദ്ദേഹം  നിർവഹിച്ചു. ക്ഷേത്രത്തിന് തെക്കുവശത്തള്ള പേരാലിൽ ഉദ്ദിഷ്ടകാര്യ സാധ്യത്തിനായി മരത്തിനു ചുറ്റും ഏഴുതവണ പ്രദക്ഷിണം വച്ച് മണികെട്ടണമെന്നാണ് വിശ്വാസം. പ്രാർഥിച്ച് മടങ്ങിയ അദ്ദേഹം ക്ഷേത്രത്തെ കുറിച്ച് ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം; 

കൊല്ലം ജില്ലയിലെ കാട്ടിൽ മേക്കതിൽ ക്ഷേത്രം സവിശേഷതകളുള്ള ആചാരാനുഷ്‌ഠാനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്. ദിവസവും പൊങ്കാല, മണികെട്ട്, തുലാഭാരം തുടങ്ങിയവക്കായി ആയിരങ്ങളാണ് ‌ ഈ തീരദേശത്തു എത്തുന്നത്. കേരള മെറ്റൽസ് ആൻഡ് മിനറൽസ് ലിമിറ്റഡ് എന്ന കേരള സർക്കാർ സ്ഥാപനം തദ്ദേശ വാസികളായ 800 ഇൽ പരം കുടുംബങ്ങളെ ഇവിടെ നിന്നും കുടി ഒഴിപ്പിച്ചു. സ്ഥലം മുഴുവൻ ഏറ്റെടുത്തിട്ട് 13 വർഷം കഴിഞ്ഞു. ഇപ്പോഴും അവരെ പുനരധിവസിപ്പിച്ചിട്ടില്ല.

കരിമണൽ ഖനനം ചെയ്ത ശേഷം മണ്ണിട്ടുനികത്തി വീണ്ടും ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കാമെന്നായിരുന്നു സർക്കാരിന്റെ ഉറപ്പ്. ക്ഷേത്രം മാത്രമേ തീരദേശത്തുള്ളു.ആർത്തിരമ്പുന്ന തിരമാലകൾ ഏതുനിമിഷവും ക്ഷേത്രത്തെ വിഴുങ്ങുമെന്നു ഭക്തജനങ്ങൾ ഭയപ്പെടുന്നു. പുലിമുട്ടും ശക്തമായ കൽഭിത്തിയും പണിതു ക്ഷേത്രത്തെ സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കെ എം ആർ എൽ ഇന്റെ നിഷേധാത്മക നയത്തിനെതിരെ ജനരോഷം ആളിക്കത്തുന്നുണ്ട്. പൊന്മന പ്രദേശത്തിന്റെ നിലനിൽപ്പ് അപകടത്തിലായ സാഹചര്യത്തിൽ അധികൃതരുടെ അടിയന്തര ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു.

MORE IN KERALA
SHOW MORE