പ്രളയാനന്തര ധനസഹായത്തിൽ അഴിമതി; കൃഷിവകുപ്പിനെതിരെ സിപിഐ

flood-cpi
SHARE

ഇടുക്കിയിലെ പ്രളയാനന്തര ധനസഹായവിതരണത്തില്‍ കൃഷിവകുപ്പിനെതിരെ ഗുരുതര അഴിമതിയാരോപണവുമായി സി.പി.ഐ പ്രാദേശിക നേതൃത്വം. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുകയില്‍ വന്‍ വെട്ടിപ്പ് നടന്നുവെന്ന് ഇടുക്കി മണ്ഡലം കമ്മിറ്റി ആരോപിച്ചു.  അനര്‍ഹരായ നൂറിലധികം പേര്‍ക്ക് സഹായം ലഭിച്ചു. അന്വേഷണമാവശ്യപ്പെട്ട് കൃഷിമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി ഒരുമാസമായിട്ടും നടപടിയില്ലെന്നും നേതാക്കള്‍ പറയുന്നു.

മഹാ പ്രളയത്തില്‍  വാത്തിക്കുടി, കാമാക്ഷി,കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകളിലായി നൂറുകണക്കിന് ഹെക്ടർ പ്രദേശത്ത് കൃഷി നാശമുണ്ടായിരുന്നു. ഇവിടെയുള്ള  കർഷകർക്ക് നൽകിയ നഷ്ടപരിഹാരത്തുകയിൽ വൻ വെട്ടിപ്പ് നടന്നെന്നാണ് ആരോപണം.  ഇടുക്കി ബ്ലോക്കില്‍ എട്ട് കോടി ഇരുപത് ലക്ഷം രൂപയാണ് കൃഷിവകുപ്പ് അനുവദിച്ചത്. എന്നാല്‍ സ്ഥല പരിശോധന നടത്തിയ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അനര്‍ഹരായ നാട്ടുകാര്‍ക്ക് ധനസഹായം അനുവദിച്ചെന്നാണ് പരാതി.

അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൃഷി മന്ത്രി, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ എന്നിവർക്കു പരാതി നൽകിയിരുന്നു. ഒരുമാസം മുന്‍പ് നല്‍കിയ പരാതിയില്‍ നടപടി ഉണ്ടായില്ല. അതേസമയം, ആരോപണങ്ങളിൽ കഴമ്പില്ലെന്നും, കെട്ടിച്ചമച്ചതാണെന്നും  കൃഷി വകുപ്പ് അറിയിച്ചു.

MORE IN KERALA
SHOW MORE