അപകടകാരി; കരുത്തൻ‌; ആ കള്ളൻ കൊച്ചിയിലെ നിരീക്ഷണ ക്യാമറയിൽ; ജാഗ്രത

muthuselvam-thief-25
SHARE

കൊച്ചി നഗരത്തിൽ വീണ്ടും മോഷണ പരമ്പര. നഗരമധ്യത്തിൽ ലക്ഷ്മി ആശുപത്രിക്ക് സമീപം ദിവാൻസ് റോഡിലെ മൂന്ന് സ്ഥാപനങ്ങളിലും ഒരു വീട്ടിലും കവർച്ച നടത്തിയ കള്ളൻ സിസിടിവി ക്യാമറയിൽ കുടുങ്ങി. സ്ഥിരം മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമായ തമിഴ്നാട് സ്വദേശി മുത്തുസെൽവമാണ് പ്രതിയെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. 

ജാൻകി ഡെന്റൽ സ്പെഷ്യാലിറ്റി ക്ലിനിക്, റൈൻസ് ബയന്റിങ് ഷോപ്പ്, അന്തരിച്ച ആർഎസ്പി നേതാവ് കെ ആർ കുറുപ്പിന്റെ വീട്, ശ്രീറാം ഫോർച്യൂൺസ് ഇൻഷുറൻ ഓഫീസ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം അർധരാത്രിക്ക് ശേഷം മോഷണം നടന്നത്. ശ്രീറാം ഫോർച്യൂൺസിൽ നിന്ന് ഒരു ഗ്രാം തൂക്കമുള്ള ആറ് സ്വർണ നാണയങ്ങളും ബയന്റിങ് സ്ഥാപനത്തിലെ മേശയിൽ നിന്ന് 4000 രൂപയും മോഷണം പോയി. 

നാൽപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ചെറു താടിയുള്ള, മുണ്ടും ഷർട്ടും ധരിച്ച മുത്തുസെൽവം മുഖം മറയ്ക്കാതെയാണ് വാതിലും ജനലും തകർത്ത് ഉള്ളിൽ കടന്നത്. സമീപത്തുള്ള ഹോട്ടലിന് പുറത്തിരുന്ന കമ്പിപ്പാര ഉപയോഗിച്ചാണ് ഡെന്റൽ ക്ലിനിക്കിന്റെ വാതിൽ തകർക്കാൻ ശ്രമിച്ചത്. അതിന് കഴിയാതെ വന്നതോടെയാണ് സമീപത്തിരുന്ന കല്ല് ഉപയോഗിച്ച് വാതിലിന്റെ പൂട്ടും കണ്ണാടിച്ചില്ലും തകർത്ത് അകത്ത് കയറിയത്. 

വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ നാലിടത്തും ഒരാൾ തന്നെയാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. 

പൊലീസ് നൽകുന്ന വിവരമനുസരിച്ചു ഭയക്കേണ്ട കള്ളനാണ് ഇന്നലെ കൊച്ചിയിൽ മോഷണ പരമ്പര നടത്തിയ മുത്തു സെൽവം. പണവും സ്വർണവും മാത്രമേ എടുക്കാറുള്ളൂ. പ്രതിബന്ധമായി പൊലീസ് ഉൾപ്പടെ ആരുവന്നാലും ക്രൂരമായി അക്രമിക്കും. സ്ഥിരം മദ്യപൻ. മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. പെട്ടെന്നു പിടികൂടാൻ കഴിയാത്ത വിധം കരുത്തനാണ്.

MORE IN KERALA
SHOW MORE