അച്ഛന്‍കോവിലാറിൽ മലിനജലം; കുടിക്കരുത്; കുളിക്കരുത്; മുന്നറിയിപ്പ്

അച്ഛന്‍കോവിലാറിലെ ജലം ഉപയോഗിക്കുന്നതിനെതിരെ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ മുന്നറിയിപ്പ്. മാലിന്യം വ്യാപകമായ സാഹചര്യത്തില്‍ അച്ഛന്‍കോവിലാറിലെ വെള്ളം കുടിയ്ക്കാനോ കുളിയ്ക്കാനോ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. മലിനീകരണ നിയന്ത്രണബോര്‍ഡ് നടത്തിയ പരിശോധനയില്‍ കക്കൂസ് മാലിന്യം വ്യാപകമായി പുഴയില്‍ തള്ളിയതായി സംശയിക്കുന്നു.

ജലം മലിനമായ സാഹചര്യത്തില്‍ പുഴയില്‍ ഇറങ്ങരുതെന്നാണ് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ മുന്നറിയിപ്പ്. അച്ഛന്‍കോവിലാറില്‍ കോന്നിമുതല്‍ കല്ലറക്കടവ് വരെ ഏകദേശം പതിനഞ്ച് കിലോമീറ്റര്‍ദൂരം നിറംമാറിയാണ് വെള്ളം ഒഴുകുന്നത്.  ഈ ഭാഗങ്ങളില്‍ കോളിഫോം അണുക്കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുട്ടുണ്ട്. നിലവിലുള്ളതനേക്കാള്‍ 500മുതല്‍ 800വരെ കോളിഫോം അണുക്കള്‍ കൂടിയിട്ടുണ്ട്. പുഴയില്‍ വലിയതോതില്‍ കക്കൂസ് മാലിന്യം തള്ളിയതാണ് ഇതിന് കാരണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിലയിരുത്തല്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ കലക്ടര്‍ക്ക് കൈമാറും. പത്തനംതിട്ട നഗരത്തിലെ വിവിധപ്രദേശങ്ങളിലേയ്ക്ക് കുടിവെള്ളം പമ്പുചെട്ടുന്നത് അച്ഛന്‍കോവിലാറാലില്‍ നിന്നാണ്. ജലോപരിതലത്തിലെ നിറംമാറ്റത്തിന് കാരണം യൂഗ്ലിനോഫൈറ്റ്സ് എന്ന സൂക്ഷമ ജലസസ്യമാണെന്നായിരുന്നു പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ബോട്ടണി വിഭാഗം നടത്തിയ പഠനത്തിലെ കണ്ടെത്തല്‍.