മേള പ്രേമികളുടെ പ്രതീക്ഷ കാത്തു; കുട്ടൻമാരാർ കൊട്ടിക്കയറി; പുതുനേട്ടം

ഇലഞ്ഞിത്തറമേളത്തിന് ഏറ്റവും കൂടുതൽ കാലം പ്രമാണിയായ വിദ്വാൻ എന്ന പെരുമ സ്വന്തം പേരിൽ ചാർത്തി പെരുവനം കുട്ടൻ മാരാർ. ദേഹാസ്വാസ്ഥ്യം കാരണം തുടക്കത്തിൽ ഏതാനും നിമിഷങ്ങളിൽ വിട്ടു നിൽകേണ്ടി വന്നെങ്കിലും മേള പ്രേമികളുടെ പ്രതീക്ഷ അദ്ദേഹം കാത്തു. കനത്ത സുരക്ഷാവലയത്തിലായിരുന്നു ഇലഞ്ഞിത്തറയും മേളവും.

നായകനെക്കൂടാതെയാണ് മേളക്കാർ നാലുപാടും വേലിക്കെട്ടുകൾ തീർത്ത ഇലഞ്ഞിത്തറയിൽ വന്നു നിരന്നത്. പക്ഷേ വൈകിയില്ല. പനിയുടെ അസ്വാസ്ഥ്യം കാരണം ആശുപത്രിയിൽ ചികിൽസ തേടിയ പെരുവനം കുട്ടൻ മാരാർ മേളത്തറയിലെത്തി. സാരഥ്യവും ഏറ്റെടുത്തു. തിങ്ങിനിറഞ്ഞ ആരാധകർക്കും ആശ്വാസം. പിന്നെ പതിവുശൈലിയിൽ കൊട്ടിക്കയറ്റം. മേളാക്ഷരങ്ങളുടെ രൗദ്രനാദത്തിൽ ഓരോരുത്തരും മുങ്ങി.

വലന്തലയിൽ കേളത്ത് അരവിന്ദമാരാരും ഇടന്തലയിൽ പെരുവനം സതീശനും മേളം തുറന്നു പിടിച്ചു. പിന്നെ രണ്ടുമണിക്കൂർ ഏഴ് അക്ഷരകലാശത്തിൽ പാണ്ടിമേളം. പരിയാരത്ത് കുഞ്ഞൻമാരാരെ മറികടന്ന് 21-ാം ഇലഞ്ഞിമേളത്തിൽ പ്രമാണിയാകുക എന്ന അസുലഭ ബഹുമതിയുമായി പെരുവനം.