രാമചന്ദ്രന്‍ എവിടെയോ അത് പൂരപ്പറമ്പ്; വഴികളിലെല്ലാം ‘രാമ,രാമ’ വിളി

ഗജവീരന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ കാണാന്‍ ഇന്നലെ രാത്രി തൊട്ടേ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ െതച്ചിക്കോട്ടുക്കാവ് ക്ഷേത്രത്തില്‍ എത്തി. രാമചന്ദ്രന്‍ കടന്നു വരുന്ന വഴികളിലെല്ലാം ‘രാമ, രാമ’ വിളികള്‍ മുഴങ്ങി. 

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ എവിടെയുണ്ടോ അതാണ് പൂരപറമ്പെന്ന് ദേശക്കാര്‍ പറയും. ആനയെ കെട്ടിയ ക്ഷേത്ര പറമ്പില്‍ ദിവസവും നിരവധി ആളുകള്‍ വരും. ആനപ്രേമികളോട് തുമ്പിക്കൈ ഉയര്‍ത്തിയുള്ള രാമചന്ദ്രന്‍റെ സ്നേഹപ്രകടനം തന്നെയാണ് ആകര്‍ഷണം. ആള്‍ക്കൂട്ടത്തിനു മുമ്പില്‍ തുമ്പിക്കൈ ഉയര്‍ത്തിയുള്ള അഭിവാദ്യം പലക്കുറി ആവര്‍ത്തിച്ചു. അപ്പോഴെല്ലാം, കാഴ്ചക്കാരുടെ ഹൃദയം നിറഞ്ഞു. 

പറവൂര്‍ സ്വദേശി വിനോദിന്‍റെ നേതൃത്വത്തിലുള്ള നാലംഗ പാപ്പാന്‍ സംഘമാണ് ആനയെ നിയന്ത്രിക്കുന്നത്. മലയാളികളുടെ ഹൃദയം കവര്‍ന്ന തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ പൂരപറമ്പുകളില്‍ നിന്ന് മാറ്റരുതെന്നാണ് പാപ്പാന്‍മാരുടെ അഭ്യര്‍ഥന.

നാനൂറിലധികം ആനകളുള്ള തൃശൂര്‍ ജില്ലയില്‍ രാമചന്ദ്രന് മാത്രം കിട്ടുന്ന ജനപ്രീതി ഏറെ മുന്നിലാണ്. വരാനിരിക്കുന്ന നാളുകളില്‍ ആനയെ എഴുന്നളളിക്കാന്‍ വനംവകുപ്പിന്‍റെ അനുമതിയിലാണ് ദേശക്കാരുടെ പ്രതീക്ഷ.