വിശപ്പുരഹിത തൊടുപുഴക്കായി അന്നപൂര്‍ണം പദ്ധതിയുമായി റോട്ടറി ക്ലബ്ബ്

thodupuzha
SHARE

വിശപ്പുരഹിത തൊടുപുഴക്കായി അന്നപൂര്‍ണം പദ്ധതിയുമായി പൊലീസിന്റെ സഹകരണത്തോടെ റോട്ടറി ക്ലബ്ബ്. വിശക്കുന്നവര്‍ക്ക് കൈയ്യില്‍ പണമില്ലെങ്കിലും തൊടുപുഴയിലെ തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം ലഭിക്കും. ഇടുക്കി ജില്ലയിലാകെ പദ്ധതി പിന്നീട് വ്യാപിപ്പിക്കും. 

വിശന്നു വലയുന്നവര്‍ ഇല്ലാത്ത തൊടുപുഴ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ആദ്യ ഘട്ടമായി അന്നപൂര്‍ണ്ണം പദ്ധതി തൊടുപുഴയില്‍ ആരംഭിച്ചു. കേരള സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയായ സുഭിക്ഷയുമായി ചേര്‍ന്ന് തൊടുപുഴ പൊലീസിന്റെ സഹായത്തോടെ തൊടുപുഴ റോട്ടറി ക്ലബ്ബാണ് അന്നപൂര്‍ണ്ണം പദ്ധതി നടപ്പാക്കുന്നത്.

കൈവശം പണമില്ല എന്ന ഒറ്റ കാരണം കൊണ്ടു മാത്രം ആരും നഗരത്തില്‍ വിശന്ന വയറുമായി അലയരുത് എന്നതാണ് അന്നപൂര്‍ണ്ണം തൊടുപുഴ പദ്ധതിയുടെ ലക്ഷ്യം. തൊടുപുഴയിലെ 3 പ്രധാന പൊലീസ് എയ്ഡ് പോസ്റ്റുകളായ തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡ്, മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ്, തൊടുപുഴ പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നും രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ ലഭ്യമാകുന്ന കൂപ്പണുകള്‍ വാങ്ങി തൊടുപുഴയിലെ തിരഞ്ഞെടുത്ത  ഹോട്ടലില്‍ നിന്ന്  സൗജന്യമായി ഊണുകഴിക്കാം.12 മുതല്‍ രണ്ടരവരെയാണ് ഹോട്ടലുകളില്‍ നിന്നും ഊണ് നല്‍കുന്ന സമയം. 

തൊടുപുഴ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍  മുന്‍ ഇടുക്കി ജില്ലാ കലക്ടര്‍ ജീവന്‍ ബാബു പദ്ധതി ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ കലക്ടര്‍ എച് ദിനേശന്‍ അദ്ധ്യക്ഷത വഹിച്ചു. ആദ്യഘട്ടമായി തൊടുപുഴ നഗരം കേന്ദ്രീകരിച്ച് ആരംഭിച്ച പദ്ധതി വിവിധ ഘട്ടങ്ങളിലായി ജില്ല മുഴുവന്‍ വ്യാപിപ്പിക്കുകയാണ് ഉദ്ദേശം.

MORE IN WORLD
SHOW MORE