പേര് 'തല്ലെടാ' എന്ന് മതിയായിരുന്നു; എല്ലാം യാത്രക്കാരുടെ പണമല്ലേ മുതലാളി: ഷാഫി പറമ്പിൽ

kallada-shafi-parambil-22
SHARE

യാത്രയ്ക്കിടെ യുവാക്കളെ ബസ് ജീവനക്കാരും ഗുണ്ടകളും ചേർന്ന് ആക്രമിച്ച സംഭവത്തിൽ കല്ലട ബസ‌് ഗ്രൂപ്പിനെതിരെ രോഷം ശക്തം. സംഭവത്തിന് പിന്നാലെ വിവിധയിടങ്ങളിൽ നിന്നായി ബസിനെതിരെ പരാതികൾ ഉയർന്നുകഴിഞ്ഞു. കല്ലട ബസുകൾ ബഹിഷ്കരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.  

ബസിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഷാഫി പറമ്പിൽ എംഎൽഎയും രംഗത്തുവന്നു. ബസ്സിന്റെ പേര് 'തല്ലെടാ' എന്നാക്കിയാൽ മതിയായിരുന്നു എന്ന് ഷാഫി പറയുന്നു. ഗുണ്ടകളെ ഒരു പാഠം പഠിപ്പിക്കാൻ പൊലീസിനും നിയമത്തിനും കഴിയണം. അല്ലെങ്കിൽ ഗുണ്ടകൾ അലറുന്നത് "കൊല്ലടാ " എന്നാവും. അവസരം ലഭിച്ചാൽ ഈ മേഖലയിലെ ചൂഷണങ്ങളെ സംബന്ധിച്ചും പ്രസ്തുത വിഷയത്തെ സംബന്ധിച്ചും അടുത്ത നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കുമെന്നും ഷാഫി ഫെയ്സ്ബുക്കിൽ കുറിച്ചു. 

കുറിപ്പ് വായിക്കാം: 

ബസ്സിന്റെ പേര് "തല്ലടാ" എന്ന് ആക്കിയ മതിയായിരുന്നു .

ആ ഗുണ്ടകളെ ഒരു പാഠം പഠിപ്പിക്കാൻ പോലീസിനും നിയമത്തിനും കഴിയണം .

അല്ലെങ്കിൽ പിന്നെ ഗുണ്ടകൾ അലറുന്നത് "കൊല്ലടാ " എന്നാവും .

ഈ ഗുണ്ടകളെ തീറ്റിപോറ്റുന്നതും യാത്രക്കാർ കൊടുക്കുന്ന പണം കൊണ്ട് തന്നെയല്ലേ മൊയലാളി .

അവസരം ലഭിച്ചാൽ ഈ മേഖലയിലെ ചൂഷണങ്ങളെ സംബന്ധിച്ചും പ്രസ്തുത വിഷയത്തെ സംബന്ധിച്ചും അടുത്ത നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കും .

അതിന് മുൻപ് കൃത്യമായ പോലീസ് നടപടികളുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു .

ആക്രമിച്ചെന്ന് സമ്മതിച്ച് കല്ലട

ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന് സമ്മതിച്ച് കല്ലട ട്രാവല്‍സ്. വൈറ്റിലയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ കല്ലട ട്രാവല്‍സ് ഖേദപ്രകടനം നടത്തി. യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തെന്നും കല്ലട ട്രാവല്‍സ് വിശദീകരണക്കുറിപ്പില്‍ അറിയിച്ചു. അതേസമയം യാത്രക്കാര്‍ ജീവനക്കാരെ ആക്രമിച്ചെന്നും വിശദീകരണക്കുറിപ്പില്‍ വാദമുണ്ട്. ഹരിപ്പാട് വച്ച് യുവാക്കള്‍ ജീവനക്കാരനെ ആക്രമിക്കുകയും കൊച്ചി ഓഫിസിലെ ജീവനക്കാരനു നേരെ കയ്യേറ്റം നടത്തുകയും ചെയ്തു. സംഭവങ്ങളെക്കുറിച്ച് അറിഞ്ഞത് ദൃശ്യങ്ങള്‍ പ്രചരിച്ച ശേഷം മാത്രമെന്നും കല്ലട ട്രാവല്‍സ് വിശദീകരണക്കുറിപ്പില്‍ പറയുന്നു.

അതേസമയം, അന്തർസംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയുടെ രണ്ട് ജീവനക്കാർ കൊച്ചിയിൽ അറസ്റ്റിൽ. യാത്രക്കാരെ ബസിൽ മർദിച്ച കേസിൽ കമ്പനിയുടമ സുരേഷ് കുമാറിനെ വിളിച്ചുവരുത്തി താക്കീതുചെയ്യാനും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. കൊച്ചി മരട് പൊലീസ് ബസ് പിടിച്ചെടുത്തു. കൂടുതൽ പേർ കേസിൽ പ്രതികളാകും.

MORE IN KERALA
SHOW MORE