‘വിഷയ’മായി രാഹുലെത്തി; മാറിമറിഞ്ഞ പ്രചാരണക്കളം; കേരളം കണ്ടത്

വയനാട്ടിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ വരവോടെ ദേശീയശ്രദ്ധയിലേക്കുയര്‍ന്ന കേരളത്തിലെ തിരഞ്ഞെടുപ്പ് ദേശീയനേതാക്കളുടെ ശക്തിപ്രകടനം കൊണ്ടും ശ്രദ്ധേയമായി. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കള്‍ നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ കോണ്‍ഗ്രസ് ബിജെപിയെ വിട്ട് ഇടതുപക്ഷത്തോട് യുദ്ധം പ്രഖ്യാപിച്ചെന്ന ആക്ഷേപമാണ് സിപിഎം നേതാക്കളുയര്‍ത്തിയത്.

വിശ്വാസവും വികസനവും വെള്ളപ്പൊക്കവുമടക്കം ദേശീയപ്രാദേശിക വിഷയങ്ങളില്‍ ചുറ്റിത്തിരിഞ്ഞ കേരളത്തിലേക്ക് ഒരു തിരഞ്ഞെടുപ്പ് വിഷയമായാണ് രാഹുല്‍ ഗാന്ധിയെത്തിയത് . വയനാട്ടിലേ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ദക്ഷിണേന്ത്യയ്ക്കുള്ള അംഗീകാരമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. രണ്ടുവട്ടം രാഹുലെത്തിയത് സംസ്ഥാനത്താകെ യുഡിഎഫ് പ്രചാരണത്തിന് ഊര്‍ജവും പകര്‍ന്നു. രാഹുലിനിെന തുണച്ച് പ്രിയങ്കയും ഗുലാം നബി ആസാദും  നവജോത് സിംഗ് സിദ്ദുവുമടക്കം  ദേശീയനേതാക്കളും കേരളത്തിലേക്ക് ഒഴുകി. പോരാട്ടം ദേശീതയ്ക്കായാണെന്നും ഇടതിനെതിനെതിരെ ഒന്നും പറയില്ലെന്നു തന്ത്രപരമായ നിലപാട് രാഹുലും സ്വീകരിച്ചു.

പരാജയം മണത്ത് അമേഠിയില്‍ നിന്ന് രാഹുല്‍ ഒളിച്ചോടെയെന്ന സ്മൃതി ഇറാനിയുടെ ആക്ഷേപം ബിജെപി ഒന്നാകെ ഏറ്റെടുത്തു. ഒളിഞ്ഞും തെളിഞ്ഞും ശബരിമല സജീവമാക്കി നിര്‍ത്താനും അവര്‍ ശ്രദ്ധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും, ബിജെപി അധ്യക്ഷന്‍ അമിത് ഷായും രണ്ടുവട്ടം വീതം കേരളത്തിലെത്തി പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു 

വര്‍ഗീയതയ്ക്കെതിരായ പോരാട്ടമവസാനിപ്പിച്ച്  കോണ്‍ഗ്രസ് ഇടതിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയെന്ന ആക്ഷേപമാണ് സിപിഎം പ്രചാരണായുധമാക്കിയത്. ആരാണെതിരാളിയെന്ന് രാഹുല്‍ ഗാന്ധി പറയണമെന്ന ആവശ്യം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം െയച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും പ്രചാരണത്തിലുടനീളം ഉന്നയിച്ചു.

മുമ്പെങ്ങുമില്ലാത്ത വിധം ദേശീയനേതാക്കള്‍ സജീവമായ പ്രചാരണകാലത്തിന് കലാശം കൊട്ടിയത് സംസ്ഥാനത്തൊട്ടാകെ ശക്തമായ ത്രികോണമല്‍സരത്തിന്റെ ഭേരിമുഴക്കിയാണ്.