ന്യൂനപക്ഷവോട്ട്; ബി.ജെ.പി പിടിക്കുന്ന വോട്ട്: തൃശൂരിലെ മനക്കണക്ക് ഇങ്ങനെ

trissur-final-lap
SHARE

വോട്ടുകണക്കില്‍ തൃശൂരില്‍ ഏറെ മുന്നിലാണ് എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പില്‍ മാറിമറയുന്ന ന്യൂനപക്ഷ വോട്ടുകളിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. ശബരിമല വോട്ടാക്കി മാറിയാല്‍ അട്ടിമറി മോഹമാണ് ബി.ജെ.പിക്ക്. 

വോട്ടുകളുടെ കണക്ക് എങ്ങനെയൊക്കെ കൂട്ടികിഴിച്ചാലും ഇടതുമുന്നണിയുടെ ആത്മവിശ്വാസം ഇരട്ടിയാകും. ഏഴു നിയമസഭാ മണ്ഡലങ്ങളിലും സ്വന്തം എം.എല്‍.എമാര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.ഐയ്ക്കു രാജ്യത്തെ ഏക എം.പിയെ ലഭിച്ച മണ്ഡലം. മുന്‍ എം.എല്‍.എ കൂടിയായ രാജാജി മാത്യു തോമസിന്റെ വ്യക്തിപ്രഭാവത്തിന് വോട്ടര്‍മാര്‍ മാര്‍ക്കിടുമെന്നാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ.

പകുതിയിലേറെ വരുന്ന ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ച് കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. തീരമേഖലയില്‍ പ്രതാപനോടുള്ള മാനസികമായ അടുപ്പം വോട്ടായി മാറുമെന്നും കരുതുന്നു. മൂന്നു തവണ എം.എല്‍.എയായി മല്‍സരിച്ചപ്പോഴും പ്രതാപന്‍ തോല്‍പിച്ചത് സി.പി.ഐയുടെ സ്ഥാനാര്‍ഥികളെയാണ്. ഡി.സി.സി. പ്രസിഡന്റായി രണ്ടു വര്‍ഷം സംഘടനയെ നയിച്ചതിനാല്‍ പ്രചാരണം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നത് ജയം കൊണ്ടുവരുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.

സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയോടുള്ള ജനങ്ങളുടെ ഇഷ്ടം വോട്ടായി മാറുമ്പോള്‍ അട്ടിമറി നടക്കുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. രണ്ടു ലക്ഷത്തിലേറെ വോട്ടുകള്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏഴു മണ്ഡലങ്ങളിലായി ബി.ജെ.പിയ്ക്കു കിട്ടിയതാണ് ആത്മവിശ്വാസത്തിന്റെ കാരണം.

ബി.ജെ.പി പിടിക്കുന്ന വോട്ടുകള്‍ യു.ഡി.എഫിന് ക്ഷീണമാകുമെന്നാണ് എല്‍.ഡി.എഫിന്റെ മനക്കണക്ക്. എന്നാല്‍, ന്യൂനപക്ഷ വോട്ടുകള്‍ തുണച്ചാല്‍ മണ്ഡലം പിടിക്കാമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷയും. സുരേഷ്ഗോപിയുടെ നാടിളക്കിയുള്ള വരവിലെ അട്ടിമറിയില്‍ കണ്ണുംനട്ടിരിക്കുകയാണ ബി.ജെ.പി.

MORE IN KERALA
SHOW MORE