കിച്ചൂസി’ൽ ഇന്ന് പാലുകാച്ചും, പ്രിയപ്പെട്ട കിച്ചുവില്ലാതെ

പെരിയ (കാസർകോട്)∙ ‘ മോനേ കിച്ചൂ... ഇനി നിന്റെ പാസ്പോർട്ടും എസ്എസ്എൽസി ബുക്കും നനയാതെ നമ്മുടെ സ്വന്തം വീട്ടിൽ തന്നെ സൂക്ഷിക്കാം. മഴ വരുമ്പോൾ വീട് ചോർന്നൊലിക്കുമെന്ന പേടിയില്ലാതെ നമ്മുടെ സ്വന്തം വീട്ടിൽ തന്നെ താമസിക്കാം...’ ദിവസങ്ങളോളം ഇടമുറിയാതെയൊഴുകിയ കൃഷ്ണന്റെ കണ്ണുകളിൽ വീണ്ടും കണ്ണീർ നനവ്. 

കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ കുടുംബത്തിനായി ഹൈബി ഈഡൻ എംഎൽഎ നിർമിച്ചു നൽകിയ ‘കിച്ചൂസ്’ എന്ന വീടിന്റെ പാലുകാച്ചൽ ചടങ്ങ് ഇന്നു 11നു നടക്കും. കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ, അമ്മ ബാലാമണി, സഹോദരിമാരായ കൃപ, കൃഷ്ണപ്രിയ എന്നിവരുടെ കൊച്ചു സന്തോഷത്തിൽ കല്യോട്ട് ഗ്രാമമൊന്നാകെ പങ്കാളികളാകും.

കൃപേഷും കൂട്ടുകാരൻ ശരത്‍ലാലും കൊല്ലപ്പെട്ടതിനു പിന്നാലെയാണ്, ഓലമേഞ്ഞ ഒറ്റമുറിക്കുടിലിൽ കഴിയുന്ന കുടുംബത്തിന്റെ സങ്കട കഥ മാധ്യമങ്ങളിലൂടെ നാടറിഞ്ഞത്. കൃപേഷിന്റെ കുടുംബത്തിനു വീടു നിർമിച്ചു നൽകുമെന്ന് കൊച്ചിയിലായിരുന്ന ഹൈബി ഈഡൻ എംഎൽഎ അപ്പോൾ തന്നെ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. തന്റെ മണ്ഡലത്തിൽ പ്രളയത്തിൽ വീടുനഷ്ടപ്പെട്ടവർക്കായി വീടു നിർമിച്ചുനൽകുന്ന തണൽ പദ്ധതിയിലുൾപ്പെടുത്തിയാണ് കൃപേഷിന്റെ കുടുംബത്തിനായി മൂന്നു കിടപ്പുമുറി, ഹാൾ, അടുക്കള, സിറ്റ് ഔട്ട് എന്നിവയുൾപ്പെടെ 1100 ചതുരശ്ര അടി വിസ്തൃതിയിൽ 20 ലക്ഷത്തിലേറെ രൂപ ചെലവിൽ വീടു നിർമാണം പൂർത്തിയാക്കിയത്. 44 ദിവസം കൊണ്ട് റെക്കോർഡ് വേഗത്തിലായിരുന്നു വീടിന്റെ നിർമാണം. 

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൂടിയായ ഹൈബി ഈഡൻ ഇന്നു പ്രചാരണത്തിരക്കിനിടയിൽ നിന്നു ഭാര്യ അന്ന, മകൾ ക്ലാര എന്നിവർക്കൊപ്പം പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാനെത്തും.