വര്‍ഗീയ പോസ്റ്റ് മുക്കി ബിനില്‍ സോമസുന്ദരം; പേജ് ഹാക്ക് ചെയ്തെന്ന് വാദം: രോഷത്തുടര്‍ച്ച

binil post 3
SHARE

ഇന്നലെ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്ന്് കൊച്ചിയിലെത്തിച്ച പതിനഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിനെ ജിഹാദിയുടെ വിത്ത് എന്ന് വിളിച്ചാക്ഷേപിച്ച ഹിന്ദു രാഷ്ട്ര സേവകനെന്ന് അവകാശപ്പെടുന്ന ബിനിൽ സോമസുന്ദരം പോസ്റ്റ് മുക്കി തടിതപ്പി. തന്റെ വാദം പിഴച്ചു എന്ന മനസിലായപ്പോൾ തന്റെ ഫെയ്സ്ബുക്ക് ആരോ ഹാക്ക് ചെയ്തു എന്ന് സംശയിക്കുന്നതായി പോസ്റ്റുമിട്ടു. പോസ്റ്റിന് താഴെ ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. 

ബിനിലിന്റെ പരമാർശം വിവാദമായതോടെ സമൂഹമാധ്യമങ്ങളിൽ ഇയാൾക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞാണ് ബിനില്‍ സോമസുന്ദരത്തിന്‍റെ വിഷം ചീറ്റിയ പോസ്റ്റ്.

അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചതായും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ഇതിനിടെ, മംഗളൂരുവില്‍  നിന്ന് ഹൃദയശസ്ത്രക്രിയയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ച പിഞ്ചു കുഞ്ഞിന്റെ തുടർചികിൽസ സംബന്ധിച്ച് ഡോക്ടർമാർ ഇന്ന് തീരുമാനമെടുക്കും. ഇരുപത്തിനാലുമണിക്കൂർ നിരീക്ഷണത്തിനുശേഷം മാത്രമേ ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാകൂയെന്ന് ഡോക്ടർമാർ ഇന്നലെ അറിയിച്ചിരുന്നു. കാസർകോട് സ്വദേശികളായ സാനിയ - മിത്താഹാ ദമ്പതികളുടെ പതിനാറുദിവസം പ്രായമായ കുഞ്ഞിനെ ഇന്നലെ അഞ്ചരമണിക്കൂർ കൊണ്ടാണ് ആംബുലൻസിൽ മംഗളൂരുവില്‍ നിന്ന്  കൊച്ചിയിൽ എത്തിച്ചത്.  കുഞ്ഞിന്റെ ചികിൽസാചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി ഇന്നലെ കുഞ്ഞിന്റെ ബന്ധുക്കളെ അറിയിച്ചിരുന്നു.

MORE IN KERALA
SHOW MORE