ബിജെപി മുന്നണിക്കൊപ്പം തൊടുപുഴ ബ്ലോക്ക് ഭരണം; ജോര്‍ജിന്റെ ‘ചാട്ടം’ സിപിഎമ്മിനെ വെട്ടിലാക്കി

പിസി ജോർജ് എ‌ൻഡിഎ മുന്നണിപ്രവേശം നടത്തിയതോടെ വെട്ടിലായി തൊടുപു‌ഴയിലെ സിപിഎം നേതൃത്വം. പി.സി. ജോർജ് നയിക്കുന്ന ജനപക്ഷം, ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ ഘടകകക്ഷിയായതോടെയാണ് ബ്ലോക്ക് പഞ്ചായത്തിൽ സിപിഎമ്മിനു നേരെ രൂക്ഷവിമർശനമുയരുന്നത്. ബ്ലോക് പഞ്ചായത്തിൽ സിപിഎം–എൻഡിഎ കൂട്ടുകച്ചവടമാണെന്ന് പ്രതിപക്ഷപാർട്ടികള്‍ ശക്തമായി ആരോപണമുന്നയിക്കുന്നുണ്ട്. 

ജനപക്ഷത്തിന്‍റെ പിന്തുണയോടെയാണ് സിപിഎം ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത്. സിപിഎം–ബിജെപി മുന്നണി ഭരണം ആണ് ഇപ്പോൾ നടക്കുന്നതെന്ന ആക്ഷേപം ശക്തമായതോടെ ഭരണം തുടരണോ അവസാനിപ്പിക്കണോയെന്ന ചിന്താക്കുഴപ്പത്തിലാണു സിപിഎം നേതൃത്വം. പിസി ജോർജ് നേതൃത്വം നല്‍‌കിയ കേരളാ കോൺഗ്രസ് (സെക്കുലർ) ആണ് പിന്നീട് ജനപക്ഷമായി മാറിയത്. 

13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫിനും എൽഡിഎഫിനും 6 അംഗങ്ങൾ വീതമാണുള്ളത്. ഇപ്പോൾ എൻഡിഎയിൽ കക്ഷിയായ ജനപക്ഷത്തിന്റെ ഏക അംഗമായ പ്രിൻസി സോയിയുടെ പിന്തുണയോടെയാണ് ഇവിടെ സിപിഎം ഭരണത്തിൽ തുടരുന്നത്. ജനപക്ഷം പിന്തുണ പിൻവലിച്ചാൽ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടമാകും. സിപിഎം സ്വതന്ത്രൻ സിനോജ് ജോസാണ് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്. കസേര നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണു സിനോജിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി. ജനപക്ഷം അംഗമായ പ്രിൻസി സോയിയെ വൈസ് പ്രസിഡന്റ് ആക്കിയാണ് സിപിഎം ഭരണം തുടരുന്നത്. പ്രിൻസി സോയിയെ  പി.സി.ജോർജിനൊപ്പം പോകാതെ എൽഡിഎഫിനൊപ്പം നിർത്തുന്നതിനും ചരടുവലികള്‍ നടന്നുവരികയാണ്. 

ജനപക്ഷത്തിന്റെ പിന്തുണ വേണ്ടെന്നു വച്ചാൽ ഭൂരിപക്ഷം ഇല്ലാതായി ബ്ലോക്ക് പഞ്ചായത്ത് ഭരണം സിപിഎമ്മിനു നഷ്ടമാകും. ലോ റേഞ്ചിലെ ഏക ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടപ്പെടുത്തുന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വൻ തിരിച്ചടിയുമാകും. അതുകൊണ്ടുതന്നെ ഏത് വിധേയനെയും ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ് സിപിഎം. 3 സിപിഎം അംഗങ്ങളും 2 സ്വതന്ത്രരും ഒരു സിപിഐ അംഗവും ആണ് ഇടതുമുന്നണിയിൽ ഉള്ളത്. 

കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് (സെക്കുലർ) അംഗമായ പ്രിൻസി സോയി എൽഡിഎഫ് പിന്തുണയോടെയാണ് വിജയിച്ചത്. പിന്നീട് ജനപക്ഷം പാർട്ടി രൂപീകരിച്ച പി.സി.ജോർജ് ഇപ്പോൾ എൻഡിഎയിൽ ചേർന്നത് സംബന്ധിച്ച് പാർട്ടി ജില്ലാ നേതൃത്വം തീരുമാനം എടുത്തില്ല. ജില്ലയിലെ ജനപക്ഷം നേതാക്കൾ പി.സി.ജോർജിനൊപ്പമാണോ അതോ പാർട്ടി വിടണോ എന്ന് തീരുമാനം എടുക്കാത്തിടത്തോളം കാലം പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാന പ്രകാരം ഇവർ എൻഡിഎയിൽ ഘടക കക്ഷിയാണ്. ഇതാണ് സിപിഎമ്മിന് കടുത്ത തലവേദനയാകുന്നത്.