വിഷുപ്പുലരിയില്‍ ശബരിമലയിലും ഗുരുവായൂരിലും വന്‍ ഭക്തജനത്തിരക്ക്

വിഷുപ്പുലരിയില്‍ ശബരിമലയിലും ഗുരുവായൂരിലും വന്‍ഭക്തജനത്തിരക്ക്. ആയിരങ്ങളാണ് വിഷുദിനത്തില്‍ അനുഗ്രഹം തേടിയെത്തിയത്. ശബരിമലയില്‍ ഉച്ച വരെ ഭക്തർക്ക് കണി ദർശിക്കുന്നതിനുള്ള സൗകര്യമുണ്ട്

 പുലർച്ചെ നാലു മണിക്ക് തന്ത്രി അയ്യപ്പനെ കണി കാണിച്ചതോടെ സന്നിധാനത്തെ വിഷു ആഘോഷങ്ങൾക്ക് തുടക്കമായി.  തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷു കൈനീട്ടം നൽകി.  മണിക്കൂറുകൾ കാത്തു നിന്ന ശേഷം ആണ് ഭക്തർക്ക് വിഷുക്കണി ദർശിക്കാനായത്. 

ഗുരുവായൂരില്‍  മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി പുലർച്ചെ രണ്ടിന് മുറിയിൽ കണി കണ്ടതിന്‌ശേഷം തീർത്ഥകുളത്തിൽ കുളിച്ചെത്തി ശ്രീലക വാതിൽ തുറന്ന് ഗുരുവായൂരപ്പനെ കണികാണിച്ചു.  രണ്ടര മുതൽ മൂന്നര വരെയായിരുന്നു   വിഷുക്കണി ദർശനം. ഓട്ടുരുളിയിൽ ഉണക്കലരി,പുതുവസ്ത്രം, ഗ്രന്ഥം, സ്വർണം, വാൽക്കണ്ണാടി, കണിക്കൊന്ന, വെള്ളരി, ചക്ക, മാങ്ങ, പഴങ്ങൾ, നാളികേരം എന്നിവയായിരുന്നി കണിക്കോപ്പുകൾ. ഗുരുവായൂരപ്പന്റെ തങ്ക തിടമ്പ് സ്വർണ സിംഹാസനത്തിൽ ആലവട്ടം വെഞ്ചാമരം എന്നിവ കൊണ്ടലങ്കരിച്ച്് വച്ചിരുന്നു. തിരക്ക് കണക്കിലെടുത്ത് ഗുരുവായൂരില്‍ ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.