ആശയക്കുഴപ്പത്തിലും സിദ്ദിഖിന് ആവേശസ്വീകരണം; കാത്തിരിപ്പിൽ വയനാട്

t-siddique-2
SHARE

വയനാട്ടില്‍ മല്‍സരിക്കുന്നത് സംബന്ധിച്ച് രാഹുല്‍ഗാന്ധിയുടെ തീരുമാനം വൈകുന്ന സാഹചര്യത്തില്‍ മണ്ഡലത്തില്‍ സജീവമാവുകയാണ് ടി.സിദ്ദിഖ്. സ്ഥാനാര്‍ഥിത്വം താല്‍ക്കാലികമായി പിന്‍വലിച്ചെങ്കിലും മണ്ഡലത്തിലെ എല്ലാ കണ്‍വന്‍ഷനുകളിലും പങ്കെടുക്കാന്‍ നേരത്തെ കെ.പി.സി.സിയുടെ നിര്‍ദേശം ലഭിച്ചിരുന്നു. രാഹുലിന്റെ വരവ് സംബന്ധിച്ച് മൂന്ന് ദിവസമായിട്ടും അന്തിമ തീരുമാനമാകാത്തതില്‍ അണികള്‍ക്കും ചെറിയ ആശയക്കുഴപ്പമുണ്ട്. 

വയനാട് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഐ ഗ്രൂപ്പിനുള്ള പരിഭവം നിലനില്‍ക്കുന്നതിനിടെയായിരുന്നു ടി.സിദ്ദിഖിന്റെ പ്രചാരണത്തുടക്കം. ഇക്കഴി‍ഞ്ഞ വെള്ളിയാഴ്ച ചുരം കയറിയെത്തിയ ടി.സിദ്ദിഖ് കല്‍പറ്റയില്‍ വന്‍ റോഡ് ഷോയോടെ പൊതുപരിപാടി തുടങ്ങി. മുക്കത്ത് നടക്കുന്ന പാര്‍ലമെന്റ് കണ്‍വന്‍ഷന്‍ പങ്കെടുക്കാന്‍ ചുരമിറങ്ങിയ സിദ്ദിഖ് പിറ്റേന്ന് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു.

രാഹുല്‍ ഗാന്ധി വരുമോ ഇല്ലയോ എന്നത് സംബന്ധിച്ച് മൂന്നു ദിവസമായിട്ടും തീരുമാനമായില്ലെങ്കിലും പിന്നീട് നടന്ന എല്ലാ കണ്‍വന്‍ഷനുകളിലും ടി. സിദ്ദിഖിന്റെ സാന്നിധ്യമുണ്ട്.

സിദ്ദിഖ് തന്നെയാണോ സ്ഥാനാര്‍ഥി എന്ന പ്രതീതി ജനിപ്പിക്കുന്നതാണ് ചില സ്വീകരണങ്ങള്‍. രാഹുല്‍ ഗാന്ധിയെ ചരിത്ര ഭൂരിപക്ഷത്തിന് ജയിപ്പിക്കുമെന്നും വയനാട്ടിലേക്ക് വരുമെന്ന പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നുമാണ് കണ്‍വന്‍ഷനുകളില്‍ സിദ്ദിഖ് ആവര്‍ത്തിക്കുന്നത്.

രാഹുലിന്റ വരവിനായി ആകാക്ഷയോടെ കാത്തിരിക്കുകയാണ് വയനാട്. തീരുമാനം വൈകുന്നതില്‍ ചെറിയ ആശയക്കുഴപ്പവും അണികളിലുണ്ട്. രാഹുലിന്റെ വാര്‍ത്താസമ്മേളനം കേള്‍ക്കാന്‍ വയനാട് മലപ്പുറം ഡി.സി.സികളില്‍ നേതാക്കള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നെങ്കിലും പ്രഖ്യാപനം വരാത്തതോടെ നിരാശരായി.

MORE IN KERALA
SHOW MORE