കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവും വീണു; രക്ഷപ്പെടുത്തി

വെള്ളരിക്കുണ്ട്(കാസർകോട്): കിണറിൽ വീണ വീട്ടമ്മയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവും കിണറിൽ വീണു. അഗ്നി രക്ഷാസേനയെത്തിയാണ് ഇരുവരെയും ഏറെ സാഹസപെട്ട്  ജീവനോടെ കരയ്ക്കെത്തിച്ചത്.ഇന്നലെ ഉച്ചയ്ക്കാണ്  ബളാലിലെ താഴത്ത് വീട്ടിൽ ബിന്ദു(42) അയൽവക്കത്തെ കിണറിൽ വീണത്. വീട്ടുകാരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ബന്ധുവായ ബാബു  കയറിലൂടെ കിണറിൽ ഇറങ്ങുന്നതിനിടയിൽ ശ്വാസം കിട്ടാതെ കിണറിൽ വീഴുകയായിരുന്നു

20 കോൽ താഴ്ചയുള്ള കിണറിൽ വെള്ളമുണ്ടായിരുന്നതിനാൽ കാര്യമായ പരുക്കേൽക്കാതെ രക്ഷപെട്ടു. ബിന്ദുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തഹസിൽദാർ കെ.കുഞ്ഞിക്കണ്ണനും വെള്ളരിക്കുണ്ട് പൊലീസും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.  മലയോരത്ത് ഇത്തരം അനിഷ്ട സംഭവം നടന്നാൽ കാഞ്ഞങ്ങാടുനിന്നും കണ്ണൂർ ജില്ലയിലെ പെരിങ്ങോത്ത് നിന്നും വേണം അഗ്നിരക്ഷാസേനയെത്താൻ സംഭവം നടന്നാൽ ഒന്നരമണിക്കൂർ കഴിഞ്ഞാലേ രക്ഷാപ്രവർത്തനം തുടങ്ങാൻ പറ്റൂ. താലൂക്കിൽ ഫയർ ഫോഴ്സ് യൂണിറ്റ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി.