യുഡിഎഫ്, എൻഡിഎ പട്ടിക നീളുന്നു; ഇടതിന് ആശ്വാസം

ldf-udf-nda-18
SHARE

ഒന്നാംഘട്ട പ്രചരണം അവസാനിക്കുമ്പോഴും യു.ഡി.എഫിന്റേയും എന്‍.ഡി.എയുടേയും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ലെന്ന ആശ്വാസത്തിലാണ് ഇടതുമുന്നണി.  കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് മുഖ്യപ്രചരണായുധമാക്കാനാണ് നീക്കം

ബൂത്ത് തലം വരെയുള്ള കണ്‍വന്‍ഷനുകള്‍ക്കു ശേഷം, ഗൃഹസന്ദര്‍ശനത്തിലൂടെ രണ്ടാംഘട്ടത്തിന് പല മണ്ഡലങ്ങളിലും തുടക്കമായിക്കഴിഞ്ഞു.  പ്രചാരണത്തിന്റെ ആദ്യഘട്ടം അവസാനിക്കുമ്പോള്‍ ഇരുപതു മണ്ഡലങ്ങളിലും കൃത്യമായ മേല്‍ക്കൈയുണ്ടെന്നാണ് ഇടതുനേതൃത്വത്തിന്റെ വിലയിരുത്തല്‍. സിറ്റിങ് സീറ്റുകള്‍ക്കു പുറമെ, കോഴിക്കോട്, വടകര, ആലപ്പുഴ, കൊല്ലം മണ്ഡലങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധനല്‍കാനാണ് തീരുമാനം. 

ലോക്സഭാ മണ്ഡലം മുതല്‍ ബൂത്തുവരെയുള്ള കണ്‍വന്‍ഷനുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി.  കുടുംബയോഗങ്ങളിലും ഗൃഹസന്ദര്‍ശനത്തിലുമായിരിക്കും ഇനിയുള്ള ശ്രദ്ധ. വര്‍ഗ ബഹുജന സംഘടനകളും അവരുടേതായ രീതിയില്‍ പ്രചരണരംഗത്ത് സജീവമാകും. പരമാവധി ലോക്സഭാ മണ്ഡലം കമ്മിറ്റികളിലും പിണറായിയും കോടിയേരിയും നേരിട്ടു പങ്കെടുത്തു, സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ദൗര്‍ബല്യങ്ങളും പോരായ്മകളും കണ്ടെത്തി പരിഹരിക്കാന്‍ നേതൃത്വവും നല്‍കുന്നു. 

കണ്‍വന്‍ഷനുകളിലുള്‍പ്പെടെ വി.എസ്.അച്യുതാനന്ദന്റെ സാന്നിധ്യം ഉറപ്പിച്ചതും ഘടകകക്ഷികളുടെ പരാതികള്‍ പരിഹരിച്ചു സജീവമാക്കിയതും പ്രവര്‍ത്തകര്‍ക്കിടയില്‍  ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങള്‍ ഗുണം ചെയ്തിട്ടുണ്ടെന്ന വിശ്വാസത്തിലാണ് നേതൃത്വം. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ സി.പി.എമ്മിനെ എന്തിന് വിജയിപ്പിക്കണമെന്ന ചോദ്യമാവും യു.ഡി.എഫ് പ്രധാനമായും ഉന്നയിക്കുക. അതിനെ മറികടക്കാന്‍ ടോം വടക്കന്റേയും കെ.എസ്.രാധാകൃഷ്ണന്റേയും ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റം ആയുധമാക്കും.

31 മുതല്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസ്ഥാനത്ത് പര്യടനം നടത്തും. വി.എസ്.അച്യുതാനന്ദന്റെ സാന്നിധ്യം പരമാവധി മണ്ഡലങ്ങളില്‍ ഉറപ്പിക്കാനും ശ്രമമുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ഥിക്കും. 

MORE IN KERALA
SHOW MORE