ശബരിമലയിൽ ദേവപ്രശ്നവിധി പ്രകാരം വരുത്തേണ്ട മാറ്റങ്ങൾ നിശ്ചയിച്ചു

ശബരിമലയിൽ  ദേവപ്രശ്നവിധി പ്രകാരം വരുത്തേണ്ട മാറ്റങ്ങൾക്ക് വാസ്തു ശാസ്ത്രപ്രകാരം സ്ഥാനങ്ങൾ നിശ്ചയിച്ചു.  വാസ്തു ശാസ്ത്ര വിദഗ്ധൻ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് സ്ഥാനങ്ങൾ നിശ്ചയിച്ചത്. മഴ നനയാതെ പടിപൂജ നടത്തുന്നതിന് പതിനെട്ടാംപടിക്ക് വാസ്തു പ്രകാരം മേൽക്കൂര ഉണ്ടാക്കുന്നതിനുളള അളവുകളും തിട്ടപ്പെടുത്തി.  തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവരുമായും ആശയവിനിമയം നടത്തി.

മാളികപ്പുറം ക്ഷേത്രത്തേക്കാൾ ഉയരത്തിലാണ് നവഗ്രഹ ക്ഷേത്രത്തിന്റെ സ്ഥാനം. എല്ലാം ഒരേ നിരപ്പിൽ വേണമെന്ന്  ദേവ പ്രശ്നത്തിൽ കണ്ടതോടെയാണ് നവഗ്രഹ ക്ഷേത്രം പൊളിക്കാൻ തീരുമാനിച്ചത് . തറ മാളികപ്പുറം ക്ഷേത്രത്തിന്റെ അതേ നിരപ്പാക്കും. ഇപ്പോഴത്തെ സ്ഥലത്തു നിന്നും അൽപം മുന്നോട്ട് മാറ്റിയാണ് പുതിയ സ്ഥാനം. ശബരിമല ശ്രീകോവിലിന്റെ കിഴക്ക് വശത്ത് ഗണപതിഹോമം നടക്കുന്ന മണ്ഡപത്തിലെ ഗണപതി വിഗ്രഹം മാളികപ്പുറത്തേക്ക് മാറ്റി പ്രതിഷ്ഠിക്കും .മാളികപ്പുറം ക്ഷേത്രത്തിന്റെ തിടപ്പള്ളി പൊളിച്ചു പണിയുന്നിനുള്ള സ്ഥാനം കണ്ടു.ഭഗവതിസേവ നടത്തുന്നതിനുള്ള മണ്ഡപവും തിടപ്പള്ളിയോട് ഒപ്പമാവും . സന്നിധാനത്തെ ഗോശാലയുടെ സ്ഥാനം കാലിതൊഴുത്തിന്  പറ്റിയതല്ലെന്ന് ദേവ പ്രശ്നത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ഗോശാല മാറ്റിപണിയും.

അയ്യപ്പ ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് മാളികപ്പുറത്തെ മണിമണ്ഡപം ,മാളികപ്പുറം ക്ഷേത്രം എന്നിവയുടെ സ്ഥാനങ്ങൾക്ക് മാറ്റമില്ല. മണിമണ്ഡപം അതേപടി നിലനിർത്തി അതിന്റെ അളവ് അനുസരിച്ചാകും പന്തളം രാജമണ്ഡപം പുതുക്കി പണിയുക.