വേനൽ കനത്തതോടെ പാലക്കാടിന്റെ പടിഞ്ഞാറന്‍മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

വേനൽ കനത്തതോടെ പാലക്കാടിന്റെ പടിഞ്ഞാറന്‍മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. ഭാരതപ്പുഴ കേന്ദ്രീകരിച്ച് കുടിവെള്ള പദ്ധതികളുണ്ടെങ്കിലും ജലവിതരണത്തിലെ അപാകതകളാണ് നാട്ടുകാരുടെ പരാതിക്ക് കാരണം.

തൃത്താല, നാഗലശ്ശേരി,ചാലിശ്ശേരി,തിരുമിറ്റക്കോട് പഞ്ചായത്തുകളിലെ ഉയർന്ന പ്രാദേശങ്ങളെിലെല്ലാം കുടിവെള്ള ക്ഷാമം രൂക്ഷമാണ്. 

ദിവസങ്ങളായി കുടിവെള്ളം മുടങ്ങിയതോടെ കഴിഞ്ഞ ദിവസം തൃത്താലയിലെ ജല അതോറിറ്റി ഓഫീസ് നാട്ടുകാര്‍ ഉപരോധിച്ചിരുന്നു . കുന്നംകുളം - ഗുരുവായൂർ പദ്ധതിയുടേയും പാവറട്ടി ജലവിതരണ പദ്ധതിയുടേയും ഓഫീസുകള്‍ തൃത്താലയിലാണ്. തൃശൂർ, പാലക്കാട് ജില്ലകളിലെ പത്ത് പഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളുമാണ് പദ്ധതികള്‍ക്ക് കീഴിലുളളത്. 

കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ ജലവിതരണ ഷെഡ്യൂൾ പുനക്രമീകരിക്കണമെന്ന് വി.ടി. ബൽറാം എം.എൽ.എ. ആവശ്യപ്പെട്ടു.  മോട്ടോറുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതാണ് ജലവിതരണത്തിന് തടസമാകുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പ്രളയത്തിൽ തകരാറിലായ അഞ്ച് മോട്ടോറുകളിൽ രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഭാരതപ്പുഴയിലെ വെള്ളിയാങ്കല്ലിൽ വെള്ളം യഥേഷ്ടം ഉണ്ടെങ്കിലും സാങ്കേതിക കാരണങ്ങളാൽ കുടിവെളളം മുടങ്ങുന്നത് ജല അതോറിറ്റിയുടെ വീഴ്ചയാണ്.